‘ഞങ്ങളാണ് സോഴ്സ്’; ശ്രീനിവാസിനായി 108 രൂപ ക്യാംപെയ്ൻ; പിന്തുണയേറുന്നു

ന്യൂഡൽഹി: പ്രാണവായുവും മരുന്നും എത്തിച്ചു നൽകിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനോട് പണത്തിന്റെ ഉറവിടം ചോദിച്ച് ഡൽഹി പൊലീസ് എത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം. ട്വിറ്ററിലടക്കം ‘ഞങ്ങളാണ് സോഴ്സ്’ ക്യാംപെയ്ൻ തരംഗമാകുന്നു. കോവിഡ് പ്രതിരോധത്തിൽ സജീവമായ ശ്രീനിവാസിനെയും സംഘത്തെയും സഹായിക്കാൻ 108 രൂപ അയച്ചു നൽകുന്നതാണ് ക്യാംപെയിൻ. രാഷ്ട്രീയത്തിനപ്പുറം ഈ ക്യാംപെയ്ൻ കേരളത്തിൽ ചർച്ചയാവുകയാണ്.

‘ഞങ്ങളാണ് സോഴ്സ്’ എന്ന ക്യാംപെയ്നുമായി ഷാഫി പറമ്പിൽ ഇന്നലെ രംഗത്തെത്തിയിരുന്നു. 108 രൂപ നൽകി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം എന്ന ആഹ്വാനം ഇപ്പോൾ സൈബർ ഇടങ്ങളിലും വലിയ പിന്തുണയാണ് നേടുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഇക്കാര്യത്തിൽ ശ്രീനിവാസിന് പിന്തുണ നൽകി എത്തുന്നുണ്ട്.

ഷാഫി പറമ്പിലിന്റെ കുറിപ്പ്:

ഈ രാജ്യത്തെ ഭരണ സംവിധാനം കോവിഡിന് മുന്നിൽ നിഷ്ക്രിയരായപ്പോൾ, ഓക്സിജൻ സിലിണ്ടറുകളുമായി നാടിന് ശ്വാസമായവനാണ് ബി.വി. ശ്രീനിവാസ്. അയാൾ സാധാരണക്കാരനു പകർന്ന് നൽകുന്ന ഭക്ഷണത്തിന്റെയും, മരുന്നിന്റെയും ‘സോഴ്സ്’ അന്വേഷിച്ചു ചെല്ലുമ്പോൾ എത്തിപ്പെടുക നന്മ വറ്റാത്ത കുറേ മനുഷ്യരിലാണ്. അതെ ആ മനുഷ്യത്വമാണ് അയാളുടെ സോഴ്സ്. ബി.വി. ശ്രീനിവാസ് നേതൃത്വം നൽകുന്ന #SOSIYC ക്ക്‌ നമ്മളിൽ പലരും നേരത്തെ തന്നെ സഹായം നൽകിയവരാണ്. എന്നാൽ ഇന്നത്തെ ഡൽഹി പോലീസിന്റെ നടപടിയോടുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധത്തിൽ നിങ്ങളും പങ്കാളികളാവുക. ‘ഞങ്ങളാണ് സോഴ്സ്’. #108 രൂപ നൽകി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നിൽക്കാം. ആ പ്രവര്‍ത്തനങ്ങൾക്കു കരുത്ത് പകരാം.