സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു; 2.67 കോടി വോട്ടർമാർ

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടർമാർ. സ്ത്രീവോട്ടർമാർ 1,37,79263, പുരുഷവോട്ടർമാർ 10295202. ട്രാൻസ് ജെൻണ്ടർ വോട്ടർമാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്– 32,14943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ‌ കോഴിക്കോടാണ്. 2.99 ലക്ഷം കന്നി വോട്ടർമാരുണ്ട്. കൂടുതൽ പേരുള്ളത് കോഴിക്കോട്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടർമാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. 15,730 പോളിങ് സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. വോട്ടർപട്ടികയില്‍ വരാത്തവര്‍ക്ക് അപേക്ഷിക്കാൻ ഇനിയും അവസരം ഉണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിൻവലിക്കുന്നതിനു 10 ദിവസം മുൻപുവരെ അപേക്ഷിക്കാം. പക്ഷേ നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.