‘രാഷ്ട്രീയത്തിലേക്കില്ല, പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമനടപടി’; അച്ഛന്റെ പാർട്ടിയെ തള്ളി നടൻ വിജയ്

ചെന്നൈ: അച്ഛൻ എസ് എ ചന്ദ്രശേഖർ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന വിശദീകരണവുമായി നടൻ വിജയ്. തന്റെ പാർട്ടി എന്ന നിലയിൽ ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി റജിസ്റ്റർ ചെയ്യാൻ നടൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയെന്ന വാർത്ത വന്നതിനുപിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

‘അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം’ എന്ന പേരിൽ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയ് അപേക്ഷ നൽകിയതായുള്ള വാർത്തയാണ് ആദ്യം പുറത്തുവന്നത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും സംവിധായകൻ കൂടിയായി അച്ഛൻ എസ് എ ചന്ദ്രശേഖറെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ചന്ദ്രശേഖറാണ്.

”ഇന്ന്, എന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. അവർ ആരംഭിച്ച പാർട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുജനങ്ങളെയും ആത്മാർത്ഥമായി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിലൂടെ, ഭാവിയിൽ സംഭവിക്കാനിടയുള്ള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഞാൻ ഉത്തരവാദിയല്ല. എന്റെ അച്ഛൻ ആരംഭിച്ചതുകൊണ്ട് എന്റെ ആരാധകർ ആ പാർട്ടിയിൽ ചേരേണ്ടതില്ല. പാർട്ടിക്ക് നമ്മളുമായോ നമ്മുടെ സംഘടനയുമായോ ഒരു ബന്ധവുമില്ല. എന്റെ പേരോ ചിത്രമോ വിജയ് മക്കൾ ഇയക്കം എന്ന പേരോ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കും”- വിജയ് പ്രസ്താവനയിൽ പറയുന്നു.