വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്.
2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മിൽ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. ടെലികോം മേഖലയിൽ കുത്തകയായി ജിയോ എത്തിയതോടെ ഇരു കമ്പനികൾക്കും കനത്ത നഷ്ടമുണ്ടായിരുന്നു. ഉപഭോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ഇരു കമ്പനികൾക്കും കോടികളുടെ ബാധ്യത ഉണ്ടാക്കി. യനനത്തോടെ 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായിരുന്നു. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്