95 ശതമാനവും വിജയകരം; വാക്സീൻ ഡിസംബറിൽ നല്‍കാന്‍ കഴിയുമെന്ന് ഫൈസർ

വാഷിങ്ടൻ∙ അന്തിമ പരീക്ഷണഫലം 95 ശതമാനം വിജയനിരക്ക് കാണിച്ചതോടെ യുഎസിൽ കോവിഡ് വാക്സീൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ സാധിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറും ബയോൺടെക്കും. ഗുരുതരമായ പാർശ്വഫലങ്ങൾ പരീക്ഷണത്തില്‍ കണ്ടെത്താത്തതിനാൽ യുഎസിന്റെയും യൂറോപ്പിന്റെയും അടിയന്തര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനികൾ അറിയിച്ചു.

എല്ലാം നന്നായി തന്നെ പോകുകയാണെങ്കിൽ ഡിസംബർ പകുതിയോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ ക്രിസ്മസിനു മുന്‍പ് വിതരണം ആരംഭിക്കാൻ കഴിയും. പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നല്ലനിലയിൽ പോയാൽ മാത്രം – ബയോണ്‍ടെക് ചീഫ് എക്സിക്യൂട്ടീവ് ഉഗുർ സാഹിൻ പറഞ്ഞു. വാക്സീന്റെ വിജയനിരക്ക് റെഗുലേറ്റർമാർ സ്വീകാര്യമെന്ന് പറഞ്ഞതിലും കൂടുതലാണ്. ഇത് കോവിഡിന്റെ അവസാനത്തിനുള്ള പോരാട്ടത്തിൽ നിർണായകമായ നേട്ടമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായിരുന്ന 43,000 വോളന്റിയര്‍മാരിൽ 170 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 162 പേർക്കും വാക്സീനെന്ന പേരിൽ മറ്റു വസ്തുക്കളാണ് നൽകിയത്. വാക്സീനെടുത്ത എട്ടു പേർക്കു മാത്രമാണ് രോഗം ബാധിച്ചത്. ഇതില്‍നിന്ന് വാക്സീൻ 95 ശതമാനം കാര്യക്ഷമത ഉറപ്പാക്കുന്നു.

വിവിധ പ്രായത്തിലുള്ളവരിലും ഗോത്രവർഗക്കാരിലും നടത്തിയ പരീക്ഷണം വാക്സീന്റെ കാര്യക്ഷമത സുസ്ഥിരമാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. അടിയന്തര ആവശ്യത്തിന് വാക്സിൻ ഉപയോഗിക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളിൽ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങൾക്കകം യുഎസ് എഫ്ഡിഎക്ക് സമർപ്പിക്കാനാണ് ഫൈസറിന്റെ നീക്കം. വാക്സിൻ നിർമിക്കുമ്പോൾ പുലർത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർക്ക് കൈമാറും.