
പൂഞ്ഞാറില്‍ മാറ്റത്തിന്റെ തിരയിളക്കം; ടോമി കല്ലാനിയുടെ ജനപ്രീതിയില്‍ പൂഞ്ഞാറും മാറുന്നു; ആവേശത്തോടെ യുഡിഎഫ്

ഈരാറ്റുപേട്ട : രാവിലെ ഏഴുമണിയോടെ തന്നെ വഴിക്കടവ് ടൗണ്‍ ഇന്നലെ സജീവമായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ വാഗമണ്ണിന്റെ താഴ്വാരത്തില്‍ മഞ്ഞു പുതച്ചു കിടക്കുന്ന ടൗണില്‍ വലിയ ആള്‍ക്കൂട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രിയ ടോമിച്ചേട്ടന് വഴിക്കടവിലെ ആദ്യ സ്വീകരണ സ്ഥലത്ത് എത്തിയതോടെ ആവേശം വാനോളമായി. ജോയി എബ്രഹാം എംപി തീക്കോയി പഞ്ചായത്ത് തല പര്യടനം ഉദ്ഘാടനം ചെയ്തതോടെ സ്ഥാനാര്‍ത്ഥിയുടെ ലഘുവായ പ്രസംഗം. പക്ഷേ പറഞ്ഞത് ചെറുതെങ്കിലും കുറിക്കുക്കൊള്ളുന്നത് തന്നെ. കാലങ്ങളായി മുരടിച്ചു കിടക്കുന്ന പൂഞ്ഞാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കുമെന്ന് ടോമി കല്ലാനി ഉറപ്പു നല്‍കിയതോടെ കരഘോഷം ഇരട്ടിച്ചു.
തുടര്‍ന്ന് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്ക്. വഴിനീളെ കുട്ടികളും സ്ത്രീകളുമടക്കം നിരവധിപ്പേര്‍ സ്ഥാനാര്‍ഥിയെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുറന്ന വാഹനം നിര്‍ത്തി എല്ലാവരെയും നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം ഓരോ പോയിന്റും പിന്നിട്ടത്. ഉച്ചയോടെ തീക്കോയി ടൗണില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയാണ് സ്വീകരിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ സ്റ്റാന്‍ഡിലും ബസ്റ്റോപ്പിലുമെല്ലാം കണ്ടവരോട് പരിചയം പുതുക്കിയായിരുന്നു വര്‍ത്തമാനം. അരുവിത്തുറ കോളേജിലെ പഠനകാലത്ത് ഒന്നിച്ചു പഠിച്ച പലമുഖങ്ങളെയും അദ്ദേഹം കണ്ടു. പരിചയവും പുതുക്കി. വെട്ടിപ്പറമ്പിലായിരുന്നു തീക്കോയി പഞ്ചായത്തിലെ പര്യടനത്തിന്റെ സമാപനം.
തുടര്‍ന്ന് ചെറിയൊരു വിശ്രമത്തിനു ശേഷം പൂഞ്ഞാര്‍ പഞ്ചായത്തിലെ ആദ്യ സ്വീകരണ സ്ഥലമായ പള്ളിവാതിലില്‍ എത്തിയപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയേയും കാത്തു നില്ക്കുന്നു. എല്ലാവരോടും കുശലം പറഞ്ഞു വീണ്ടും തുറന്നവാഹനത്തിലേക്ക്. നെല്ലിക്കാച്ചാലില് എത്തിയപ്പോള്‍ കുട്ടികളുടെ ഒരു വലിയ സംഘത്തിനൊപ്പം വോളിബോള്‍ കളിക്കാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. കുട്ടികള്‍ക്കും വലിയ ആവേശം..പൂഞ്ഞാറിന്റെ മാറ്റം ഉറപ്പെന്നായിരുന്നു എല്ലാവരുടെയും പ്രതികരണം. രാത്രി വൈകി പൂഞ്ഞാറിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയപ്പോഴും നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. എല്ലാവരോടും പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് അടുത്ത സ്വീകരണ സ്ഥലത്തേക്ക്. രാത്രി വൈകി പനച്ചികപ്പാറയിലാണ് പര്യടന പരിപാടി സമാപിച്ചത്.