കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം; സീറോമലബാർ സഭ

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം; സീറോമലബാർ സഭ

കൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സീറോമലബാർ സഭ. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ദുരനുഭവമുണ്ടായത്.

റൂർക്കലയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാർത്ഥിനിമാരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ. യാത്രയ്ക്കിടയിൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല.

ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബജ്റം​ഗ്ദൾ പ്രവർത്തകർ മതം മാറ്റാൻ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിൽ അറിയിച്ചതിനെതുടർന്ന് പോലീസെത്തി സന്യാസിനികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ.

ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെ ബന്ധപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് സന്യാസികളെ മോചിപ്പിച്ചത്. തുടർന്ന് ഝാൻസി ബിഷപ്സ് ഹൗസിലേക്ക് ഇവരെ മാറ്റുകയും ‍പിറ്റേന്ന് ഡൽഹിയിൽനിന്ന് പ്രോവിഷ്യൽ സിസ്റ്റർ എത്തുകയും തുടർയാത്രയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. പിറ്റേദിവസം അതേ ട്രെയിനിൽ റെയിൽവേ പോലീസ് പ്രോട്ടക്ഷനിൽ വികലാംഗർക്കുള്ള കോച്ചിൽ രണ്ടു സീറ്റിലായി നാലുപേർ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയത്.

കുറഞ്ഞ സമയത്തിനുള്ളിൽ 150ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ഝാൻസിയിൽ നാല് സന്യാസിനിമാർക്കുണ്ടായ അനുഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് സന്യസ്തരാണ്. ഇവരുടെ ജീവനും സഞ്ചാര സ്വാതന്ത്രിയവും അപകടപ്പെടുത്താൻ തീവ്രവർ​​​​ഗ്ഗീയ വാദികൾ നടത്തുന്ന അക്രമ സംഭവങ്ങളെ സർക്കാർ ​ഗൗരവമായി നേരിടണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു. അക്രമികളെ നിലയ്ക്കു നിർത്താനും സന്യസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങൾ ശ്രദ്ധിക്കണം.