അവസരവാദികളെ ജനം തിരഞ്ഞെടുപ്പിലും സമൂഹത്തിലും ഒറ്റപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ

പാലാ: അവസരവാദികളെ ജനം തിരഞ്ഞെടുപ്പിൽ മാത്രമല്ല സമൂഹത്തിലും ഒറ്റപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾക്ക് എന്നും ജനം ശിക്ഷ നൽകിയിട്ടുണ്ട്. പാലായിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പാലാ കൊട്ടാരമറ്റം കെ.എം മാണി മെമ്മോറിയൽ ബസ് സ്റ്റാൻഡിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരെ ഇടത് മുന്നണിക്ക് ഒപ്പം നിന്ന ഒരാൾ, തൻ്റെ മികവ് തെളിയിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസിനൊപ്പം ചേർന്നിട്ടുണ്ട്. ഈ മണ്ഡൽ എൽ.ഡി.എഫിനോടൊപ്പം നിന്ന ആ ഒരാൾ സ്വന്തം പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചാണ് ഇവിടെ മത്സരിക്കാൻ എത്തിയത്. ആനപ്പുറത്തിരിക്കുന്ന പഴയ ആ കഥയെ ഓർമ്മിപ്പിക്കുന്നതാണ് ആ ആളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.

തനിക്ക് വലിയ ശക്തിയുണ്ടെന്നാണ് ഇയാൾ ധരിച്ചിരുന്നത്. ഇടത് മുന്നണിയുടെ കൂട്ടായ പ്രവർത്തനമാണ് തൻ്റെ ശക്തി എന്ന് അദേഹം തിരിച്ചറിഞ്ഞില്ല. ഇത് മുന്നണിയും ഒപ്പമുള്ള വിവിധ ജനകീയ പ്രസ്ഥാനങ്ങളുമായിരുന്നു തൻ്റെ ശക്തി എന്ന് തിരിച്ചറിയാതെ, തൻ്റെ കരുത്ത് തെളിയിക്കാൻ കോൺഗ്രസിനൊപ്പം ചേർന്നിരിക്കുകയാണ് ഇദ്ദേഹം. കോൺഗ്രസിന് ഒപ്പം നിന്നവർ പോലും കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് പറഞ്ഞ് പുറത്ത് വരുമ്പോഴാണ് തൻ്റെ മികവാണ് എന്ന് കരുതി അദ്ദേഹം കോൺഗ്രസിനൊപ്പം ചേരുന്നത്. ഇത്തരക്കാർക്ക് ഇന്ന് ഇവിടെ കൂടിയ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.