ചട്ടലംഘനം: പാലായിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ പരാതി

പാലാ: ഇടതു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനു പരാതി. കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും പ്രചാരണം നടത്തിയതിനെതിരെയാണ് യു ഡി എഫ് പരാതി നൽകിയത്. പ്രചാരണ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തു വിട്ടതിനെതിരേയാണ് പരാതി.

തിരഞ്ഞെടുപ്പുകമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ഞായറാഴ്ച രാത്രി ഏഴു മണിയോടെ സ്ഥാനാര്‍ത്ഥികളെല്ലാവരും പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ രാത്രി 10 മണിക്ക് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പാലായ്ക്കായി ഇറക്കിയ മാനിഫെസ്റ്റൊ എന്ന പേരില്‍ വാഗ്ദാനങ്ങളുടെ പട്ടിക പുറത്തുവിടുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ‘ മോഡല്‍ കോഡ് ഓഫ് കോണ്ടക്റ്റ്-ലെ VIII.4.(i) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 126 വകുപ്പ് പ്രകാരവും, നിയമസഭാ ഇലക്ഷന്‍ ഒറ്റഘട്ടമായി നടത്തുക ആണെങ്കില്‍, പരസ്യ പ്രചാരണനിരോധിത കാലയളവില്‍ ഇലക്ഷന്‍ മാനിഫെസ്റ്റോ പുറത്ത് വിടാന്‍ ആവില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പ് പ്രകാരം, പോളിംഗ് തീരുന്നതിനു 48 മണിക്കൂര്‍ മുന്‍പായി പരസ്യപ്രചരണം, പൊതുയോഗങ്ങള്‍ എന്നിവ പാടില്ല എന്നും, ഇലക്ഷന്‍ സംബന്ധമായ രേഖകളോ കാര്യങ്ങളോ സിനിമട്ടോഗ്രാഫ്, ടെലിവിഷന്‍ അഥവാ സമാന ഉപകരണങ്ങള്‍ വഴിയോ പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നും അങ്ങനെ ചെയ്താല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന ശിക്ഷയാണ് എന്നും നിയമത്തില്‍ പറയുന്നു.