ആരോഗ്യ, എംജി സര്‍വകലാശാലകളിലെ ബിഎസ്‌സി നഴ്‌സിങ് ഫൈനല്‍ പരീക്ഷ അനശ്ചിതമായി നീളുന്നു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴില്‍ ബിഎസ്‌സി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ 300 ഓളം വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ജൂണില്‍ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എംജി സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം.

പയ്യന്നൂര്‍ സ്വദേശി അക്ഷയ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നു തവണ പരീക്ഷക്ക് ടൈംടേബിള്‍ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ചു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല ഇതേ കോഴ്‌സിനുള്ള പരീക്ഷ ജൂണ്‍ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സര്‍വകലാശാലാ പരീക്ഷ നടത്തുന്നത്. എന്നാല്‍ എംജി സര്‍വകലാശാലക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. എംജി സര്‍വകലാശാലക്കും 21 ന് തന്നെ പരീക്ഷ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.