തലമൊട്ടയടിച്ച് സന്യാസിയായി ധോണി; ചിത്രം കണ്ട് ഞെട്ടി ആരാധകർ

ക്രിക്കറ്റ് താരങ്ങളിൽ മേക്ക്ഓവറുകളിലൂടെ ട്രെൻഡ് സെറ്ററായി മാറുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. നീളൻ മുടിക്കാരനായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ശേഷം കരിയറിന്റെ അവസാന കാലത്ത് ക്‌ളീൻ ഷേവ് ലുക്കിലേക്ക് മാറിയ ധോണി, കാലാകാലങ്ങളായി വ്യത്യസ്തമായ ഹെയർസ്‌റ്റൈലുകളിലൂടെയും മറ്റും ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഫാഷൻ ഐക്കണായി നിലനിന്നിരുന്നു.

ഐ പി ൽ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തലമൊട്ടയടിച്ച് സന്യാസിയുടെ ലുക്കിലുള്ള ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏപ്രിൽ 9 ന് ആരംഭിക്കാൻ പോകുന്ന ഐ പി എല്ലിന്റെ ഭാഗമായുള്ള പരസ്യചിത്രത്തിനു വേണ്ടിയാണ് ധോണിയുടെ പുതിയ രൂപമെന്നാണ് സൂചന.

അതെ സമയം ചിത്രം സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചു., ബുദ്ധ ശരണം, ഗച്ഛാമി, അന്തർദേശീയ ബുദ്ധിസ സേനയുടെ ഭാഗത്തു നിന്നും ശുഭാശംസകൾ എന്നാണ് തല മൊട്ടയടിച്ച ചിത്രം പങ്കു വച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി. ധോണിയുടെ പുതിയ ചിത്രം ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യറാക്കിയതാണെന്നും മഹേന്ദ്ര സിങ് ധോണി ബുദ്ധമതം സ്വീകരിച്ചെന്ന പ്രചാരണം വ്യാജമാമാണെന്നും ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം പറഞ്ഞു. ഈ ചിത്രത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സ്റ്റാർ സ്പോർട്സ് പങ്കുവെച്ചിരുന്നു.