മനോരമ സര്‍വ്വെ അവസാനിച്ചത് മാര്‍ച്ച് 15 -ന് ! പൂഞ്ഞാറില്‍ കോണ്‍ഗ്രസിലെ ടോമി കല്ലാനിയാണ് സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിക്കുന്നതും മാര്‍ച്ച് 15 വൈകിട്ട് 4 മണിക്ക് ! എതിരാളികളില്ലാതെ നടന്ന സര്‍വ്വെയിലും പിസി ജോര്‍ജിന് പിന്തുണ 38 ശതമാനം മാത്രം ! ചാനല്‍ സര്‍വ്വെയിലെ പൂഞ്ഞാറിന്‍റെ പ്രചരണ ചിത്രം വസ്തുതകള്‍ക്ക് വിപരീതമാകുന്നതിങ്ങനെ !

പൂഞ്ഞാര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മനോരമ ചാനലും സ്വകാര്യ ഏജന്‍സിയും ചേര്‍ന്ന് പുറത്തുവിട്ട ഇലക്ഷന്‍ സര്‍വ്വെയില്‍ സുപ്രധാനമായ പാകപ്പിഴവുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് സര്‍വ്വെ നടത്തിയതെന്ന് ചാനല്‍ തന്നെ വ്യക്തമാക്കുമ്പോള്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം നടന്നത് അന്നോ ചിലയിടങ്ങളില്‍ അതിനും ശേഷമോ ആയിരുന്നെന്ന് വ്യക്തം.

പൂഞ്ഞാറില്‍ യുഡിഎഫില്‍ ഏത് കക്ഷിക്കാണ് സീറ്റ് എന്നുപോലും പ്രഖ്യാപനം ഉണ്ടാകും മുമ്പ് ഇവിടെ സര്‍വ്വെ അവസാനിച്ചു. സര്‍വ്വെ അവസാനിച്ചതും പൂഞ്ഞാറില്‍ യുഡിഎഫില്‍ മത്സരിക്കുക കോണ്‍ഗ്രസ് ആയിരിക്കുമെന്നും സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിയായിരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായതും മാര്‍ച്ച് 15 -നാണ്. അന്നവസാനിച്ച സര്‍വ്വെയിലാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജ് 38 ശതമാനവും ഇടതുമുന്നണി 34 ശതമാനവും യുഡിഎഫ് 15 ശതമാനവും വോട്ടുകള്‍ നേടുമെന്ന് പ്രവചനമുണ്ടായത്.

സര്‍വ്വെ നടക്കുന്ന കാലയളവില്‍ പൂഞ്ഞാര്‍ കോണ്‍ഗ്രസിനാണോ കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിനാണോ എന്ന കാര്യത്തില്‍ ധാരണ ആയിരുന്നില്ല. പൂഞ്ഞാര്‍ ഘടകകക്ഷിക്ക് വിട്ടുകൊടുത്താല്‍ ഇവിടെ പിസി ജോര്‍ജിനെ പിന്തുണക്കേണ്ടിവരുമെന്ന ഭീഷണിപോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു.

ഇതെല്ലാം സര്‍വ്വെയില്‍ ജോര്‍ജിന് അനുകൂല വോട്ടുകളായി മാറി. ഇവിടെ ഇടതു സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കുന്നതും സര്‍വ്വെ അവസാനിക്കുന്നതിന് കൃത്യം 3 ദിവസം മുമ്പാണ്. അതിനു മുമ്പ് ജനം പ്രതികരിച്ചത് മുന്നണി അടിസ്ഥാനത്തിലായിരിക്കാം.

ചുരുക്കത്തില്‍ സര്‍വ്വെ നടന്ന കാലഘട്ടത്തില്‍ പൂഞ്ഞാറിലെ പ്രഖ്യാപിത സ്ഥാനാര്‍ഥി പിസി ജോര്‍ജ് മാത്രമായിരുന്നു. എതിരാളികളാകാതെ നടന്ന സര്‍വ്വെയിലും ജോര്‍ജിന്‍റെ ഗ്രാഫ് 38 ശതമാനത്തിലൊതുങ്ങി എന്നത് ശ്രദ്ധേയമാണ്. അതായത് കഴിഞ്ഞ തവണത്തെ അനുകൂല തരംഗം ജോര്‍ജിനില്ലെന്ന് വ്യക്തം.

കഴിഞ്ഞ തവണ ജോര്‍ജിന്‍റെ എതിരാളികളായ മുന്നണി സ്ഥാനാര്‍ഥികള്‍ തീര്‍ത്തും ദുര്‍ബലരായിരുന്നെങ്കില്‍ ഇത്തവണ സ്ഥിതി മറിച്ചാണ്. ജോര്‍ജിന്‍റെ എതിരാളികള്‍ അതിശക്തരാണ്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം വോട്ടെടുപ്പിന് ശേഷിച്ചിരിക്കെ അന്നുണ്ടായിരുന്ന മുന്‍തൂക്കം ജോര്‍ജിന് മണ്ഡലത്തില്‍ നിലനിര്‍ത്തുക അസാധ്യം.

മാത്രമല്ല, നിലവിലും പ്രചരണരംഗത്ത് ഓരോ ദിവസവും യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്. അത് പിസി ജോര്‍ജിന് ക്ഷീണം ചെയ്യും. 27 -ന് രാഹുല്‍ ഗാന്ധികൂടി മണ്ഡലത്തിലെത്തുന്നതോടെ ടോമി കല്ലാനി വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, എക്കാലത്തേതിലും മികച്ച മാനേജ്മെന്‍റിലാണ് പൂഞ്ഞാറില്‍ യുഡിഎഫിന്‍റെ പ്രചരണ പരിപാടികള്‍ മുന്നോട്ടുപാകുന്നതും !