നേരിട്ടെതിർത്തു തോൽപ്പിക്കാൻ കഴിയാത്തതിനാൽ അപരനെ ഇറക്കി: മാണി സി കാപ്പൻ

പാലാ: നേരിട്ടെതിർത്ത് തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് അപരനെ ഇറക്കി തോൽപ്പിക്കാൻ പറ്റുമോയെന്ന് ശ്രമിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഇത്തരം നടപടികൾ ഓരോരുത്തരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. താൻ നാലു തവണ പാലായിൽ മത്സരിച്ചു. അപരന്മാരായി കെ എം മാണിമാരെയും ഇപ്പോൾ ജോസ് കെ മാണിമാരെയും കിട്ടുമായിരുന്നു. ആ പേരുള്ള ചിലർ സമീപിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താനൊരു സ്പോർട്സ്മാനാണ്. മാന്യമായി കളിച്ച് ജയിക്കണം. ചതിയും വഞ്ചനയും പാടില്ല. പേരിനോട് സാമ്യമുള്ളയാളെ നിർത്തുകയും ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം വാങ്ങിക്കുകയും ചെയ്തിരിക്കുകയാണ്. ദൈവം നീതി നടപ്പാക്കിക്കൊള്ളുമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ നടപ്പാക്കിയ 462 കോടിയുടെ വികസനവും കന്യാസ്ത്രീകളടക്കമുള്ളവർക്കു റേഷൻ ലഭ്യമാക്കിയതടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും ജനമനസിലുണ്ടെന്നും കാപ്പൻ കൂട്ടിച്ചേർത്തു.