‘പാർട്ടിവിരുദ്ധ പ്രവർത്തനം’: കാപ്പനെ എൻസിപിയിൽനിന്ന് പുറത്താക്കി ശരദ് പവാർ

ന്യൂഡൽഹി: മാണി സി.കാപ്പനെ എൻസിപിയിൽ നിന്നും പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നടപടിയെന്ന് ജനറൽ സെക്രട്ടറി എസ്.ആർ.കോലി വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടിരുന്നു. ഞായറാഴ്ച പാലായിൽ എത്തിയ, രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മാണി സി. കാപ്പൻ പ്രവർത്തകരോടൊപ്പം പങ്കെടുത്തു.

സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ ഉൾപ്പെടെ 10 സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എൻസിപിയിൽനിന്നു രാജിവയ്ക്കുന്നതായി കാണിച്ചു പാർട്ടി അധ്യക്ഷൻ ടി.പി.പീതാംബരനു കത്തു നൽകി. പുതിയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി.കാപ്പൻ യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചു.

പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, റജിസ്ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി. കാപ്പൻ എംഎൽഎ ചെയർമാനും ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ പാലായിൽ യോഗം ചുമതലപ്പെടുത്തി.