യൂസഫലി അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി; പൂർണ ആരോഗ്യവാൻ

കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്.

ഞായറാഴ്ച രാവിലെയാണ് യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി അബുദാബിയിൽ താമസമാക്കിയ യൂസഫലിയുടെ ആരോഗ്യവിവരം അബുദാബി രാജകുടുംബം അന്വേഷിച്ചിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് യൂസഫലി അബുദാബിയിലെത്തിയത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം യൂസഫലി അബുദാബിയിലെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ പെട്ടെന്ന് ഇറക്കിയതെന്നും ലുലു ഗ്രൂപ്പ് വിശദീകരിച്ചിരുന്നു. രാവിലെ ദുബായ് സിലിക്കണ്‍ ഒയാസീസില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തിൽ യൂസഫലി പങ്കെടുത്തില്ല. അടുത്ത ദിവസങ്ങളിൽ ഓഫിസ് ജോലികളിലേക്ക് മടങ്ങിയെത്തുമെന്നും അധികൃതർ വ്യക്തമാക്കി.