കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിന് മൊബൈല്‍ ആപ്പ്, ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ്, ജനത സര്‍വീസിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം; കെ. എസ്. ആര്‍. ടിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ. എസ്. ആര്‍. ടി. സി മൊബൈല്‍ ആപ്പ്, കെ. എസ്. ആര്‍. ടി. സി ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സര്‍വീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കെ. എസ്. ആര്‍. ടിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ. എസ്. ആര്‍. ടി. സി മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കുന്നു.

ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോടു പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെ. എസ്. ആര്‍. ടി. സിയെ സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ കെ. എസ്. ആര്‍. ടി. സിയ്ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുന്നത്.

കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കാര്‍ഗോ സര്‍വീസ് കെ. എസ്. ആര്‍. ടി. സിയെ സഹായിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഭരണഘടന സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍ എന്നിവര്‍ക്ക് മിതമായ നിരക്കില്‍ പാര്‍സലുകള്‍ കെ. എസ്. ആര്‍. ടി. സി മുഖേന അയയ്ക്കാന്‍ കഴിയും.

ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഹൈക്കോടതി, വിവിധ കളക്ടറേറ്റുകള്‍, മറ്റു പ്രധാന ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള പാര്‍സലുകളും ഫയലുകളും അയയ്ക്കും. കൂടാതെ കെ. എം. എസ്. സി. എലില്‍ നിന്നുള്ള മരുന്നും പി. ആര്‍. ഡി, കുടുംബശ്രീ എന്നിവയുടെ തപാലുകളും അയയ്ക്കും. അടുത്ത ഘട്ടത്തില്‍ പി. എസ്. സി, സര്‍വകലാശാലകള്‍, പരീക്ഷാ ഭവന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ജി. പി. എസ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസവും പതിനായിരത്തിലധികം യാത്രക്കാരാണ് കെ. എസ്. ആര്‍. ടി. സിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതില്‍ നല്ലൊരു ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പുതിയതായി ആരംഭിച്ച മൊബൈല്‍ ആപ്പ് ടിക്കറ്റ് ബുക്കിംഗ് സൗകര്യപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ഐഎഎസ്, സി.എം.ഡി ബിജു പ്രഭാകര്‍ ഐഎഎസ് എന്നിവര്‍ പങ്കെടുത്തു