4937 പേർക്കുകൂടി കോവിഡ്, പരിശോധിച്ചത് 74,352 സാംപിളുകൾ; ആകെ മരണം 4016

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി. 4478 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 340 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 74,352 സാംപിളുകൾ പരിശോധന നടത്തി. 5439 പേർ രോഗമുക്തരായി.

പോസിറ്റീവ് ആയവർ

എറണാകുളം 643
കൊല്ലം 547
പത്തനംതിട്ട 524
തൃശൂര്‍ 503
കോട്ടയം 471
കോഴിക്കോട് 424
ആലപ്പുഴ 381
തിരുവനന്തപുരം 373
മലപ്പുറം 345
പാലക്കാട് 217
കണ്ണൂര്‍ 182
വയനാട് 135
കാസര്‍കോട് 126
ഇടുക്കി 66

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 368
കൊല്ലം 331
പത്തനംതിട്ട 589
ആലപ്പുഴ 214
കോട്ടയം 699
ഇടുക്കി 113
എറണാകുളം 486
തൃശൂര്‍ 494
പാലക്കാട് 185
മലപ്പുറം 570
കോഴിക്കോട് 866
വയനാട് 150
കണ്ണൂര്‍ 267
കാസര്‍കോട് 107

ഓരോ പ്രദേശത്തും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതു കൊണ്ട് രോഗവ്യാപനം പരിശോധിക്കാൻ സിറോ പ്രിവലസ് പഠനത്തെയാണ് ആശ്രയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുസരിച്ച് ഇന്ത്യയിൽ 21 കേസുണ്ടാകുമ്പോൾ 1 കേസാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ മൂന്നിൽ ഒന്ന് എന്ന രീതിയിൽ കേസ് റിപ്പോർട്ടു ചെയ്യുന്നു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവും ഇവിടെ നടപ്പാക്കുന്ന സർവയലൻസിന്റെയും റിപ്പോർട്ടിന്റെയും കാര്യക്ഷമതയുമാണ്.

തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ 27 കേസ് ഉണ്ടാകുമ്പോഴാണ് 1 റിപോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ 24 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നുവെന്ന തോന്നൽ എന്തുകൊണ്ടാണെന്ന് ഇതിൽനിന്നും വ്യക്തമാകും. രണ്ടാമത്തെ പ്രധാനപ്പെട്ട പഠനമാണ് എക്സസ് ഡെത്ത് അനാലിസിസ്. കോവിഡ് മരണങ്ങൾ റിപ്പോര്‌ട്ട് ചെയ്യുന്നത് ശാസ്ത്രീയമായി വിലയിരുത്താനാണ് ഈ പഠനത്തെ ആശ്രയിക്കുന്നത്.

തൊട്ടുമുൻപത്തെ വർഷം എത്ര മരണങ്ങൾ ഉണ്ടായെന്നും നടപ്പു വർഷം എത്ര മരണങ്ങൾ ഉണ്ടായെന്നും താരതമ്യം ചെയ്യുകയാണ് ഇതു ചെയ്യുന്നത്. ലോകത്തെ പ്രമുഖമായ ചില സർവകലാശാലകൾ ഒരുമിച്ച് വേൾഡ് മൊർട്ടാലിറ്റി ഡേറ്റാ സെറ്റ് എന്ന പഠനം ജനുവരി 21 ന് ഓൺലൈനായി പ്രസിദ്ധീകരിച്ചിരുന്നു. 77 രാജ്യങ്ങളിലെ കണക്കാണ് അതിൽ പുറത്തുവിട്ടത്. 51 രാജ്യങ്ങളിൽ മരണങ്ങളിൽ ഗണ്യമായ വർധനയുണ്ടായി. യുഎസിൽ 14 ശതമാനം മരണങ്ങളാണ് 2019നെ അപേക്ഷിച്ച് 2020ൽ ഉണ്ടായത്.