ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്നു നോർത്ത് ഈസ്റ്റിനെതിരെ, കിക്കോഫ് രാത്രി 7.30ന്

ഐഎസ്എൽ 7–ാം സീസണിൽ കിബുവിനും കേരള ബ്ലാസ്റ്റേഴ്സിനും ഇന്നു 2–ാം പരീക്ഷയാണ്; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ 7.30നു കിക്കോഫ്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം തൽസമയം കാണാം. ആദ്യ പരീക്ഷയിൽ ബ്ലാസ്റ്റേഴ്സ് 1-0ന് എടികെ ബഗാനോടു പൊട്ടിയെങ്കിൽ മുംബൈയെ 1-0നു മറികടന്നാണു നോർത്ത് ഈസ്റ്റിന്റെ വരവ്.

പരിശീലകൻ കിബു വിക്കൂന തേടുന്നതു തന്റെ ടീമിന്റെ എൻജിൻ മാത്രമല്ല. തലയും വാലും പല്ലും നഖവുമെല്ലാം ‘സെറ്റ്’ ചെയ്യാനുള്ള അന്വേഷണത്തിലാണു കോച്ച്. ബഗാനെതിരെ ഏറ്റവും മികച്ച ഇലവനെയല്ല ബ്ലാസ്റ്റേഴ്സ് ഇറക്കിയത്. സാഹചര്യങ്ങൾ അതായിരുന്നു. പരുക്ക്, വൈകിത്തീർന്ന ക്വാറന്റീൻ, വൈകിത്തുടങ്ങിയ പരിശീലനം, സന്നാഹമത്സരങ്ങളുടെ അഭാവം എന്നിങ്ങനെ പല പ്രതികൂലഘടകങ്ങളും ഉണ്ടായിരുന്നു. അവയെല്ലാം മറികടന്ന് ടീമിന്റെ കാമ്പുകണ്ടെത്തുകയാണു വെല്ലുവിളി.

ആക്രമണത്തിനു കരുത്തുകൂട്ടിയേ മതിയാവൂ. മുംബൈയുടെ ആക്രമണത്തെ തടുത്തു നിർത്തിയ പ്രതിരോധമാണ് നോർത്ത് ഈസ്റ്റിന്റേത്. നടുവിൽ 2 വിദേശികൾ. കമാറയെന്ന മധ്യനിരക്കാരനും പ്രതിരോധമികവിന്റെ ആൾരൂപമാണ്. ഹൂപ്പർക്കുള്ള ‘പന്തു സപ്ലൈ’ മുറിക്കാൻ കമാറ ശ്രമിക്കും. ഫലത്തിൽ 5 പേരുള്ള പ്രതിരോധമാണ് അവരുടേത്. കരുത്തും മൂർച്ചയും കൂട്ടിയുള്ള ആക്രമണങ്ങളേ ബ്ലാസ്റ്റേഴ്സിനു സഹായകമാകൂ.

മധ്യനിര പ്രതിഭകൾക്കു പഞ്ഞമില്ലാത്ത ടീമാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ്. പകരക്കാരുടെ ബെഞ്ചും സമൃദ്ധം. എന്നിട്ടും ബഗാൻ ഗോളിക്കുനേരേ നല്ലൊരു ഷോട്ട് തൊടുക്കാൻപോന്ന പന്തൊന്നും ഗാരി ഹൂപ്പർ എന്ന സ്ട്രൈക്കറുടെ ബൂട്ടിനു പാകത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. പ്രശ്നം കിബു എങ്ങനെ പരിഹരിക്കും? ആരാധകരുടെ വലിയ ചോദ്യമാണ്.

ആദ്യമാച്ച് കളിച്ച 10 ടീമുകളിൽ കൂടുതൽ ഡ്രിബ്ലിങ് ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു. ബോക്സിലേക്ക് അപകടകരമായ പന്തുകൾ തൊടുക്കുന്നതാണു പ്രധാനമെന്ന് എന്നും പറയുന്നയാളാണു വിക്കൂന. എന്താവും കോച്ചിന്റെ മനസ്സിലുള്ള പരിഹാരം? സിഡോയ്ക്കു പകരം ഫാക്കുൻഡോ പെരേര വരുന്നതാണോ? സെയ്ത്യാസെൻ സിങ്, രോഹിത് കുമാർ, ഗിവ്സൺ സിങ്, ജാക്സൺ സിങ്, ഗിവ്സൺ സിങ് എന്നിവരിൽ ആരെല്ലാം ആദ്യ 11ൽ വരും? പ്രതിരോധത്തിൽ നിഷു കുമാർ ഉണ്ടാകുമോ?