ചെപ്പോക്കിൽ ഇന്ത്യയ്ക്ക് 317 റൺസ് ജയം, പരമ്പരയിൽ ഒപ്പം

ചെന്നൈ : അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയം. 482 റൺസിന്റെ അതീവ ദുഷ്കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റൺസിന്റെ തകർപ്പൻ വിജയത്തോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ സന്ദർശകർക്ക് ഒപ്പമെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ വേദിയിൽ 227 റൺസ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിനെ, അതിലും വലിയ വിജയത്തോടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതൽ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും.

സ്കോർ: ഇന്ത്യ– 329, 286. ഇംഗ്ലണ്ട്–134, 164

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യൻ സ്പിന്ന‍ർമാർ പങ്കിട്ടു. 21 ഓവറിൽ 60 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്സർ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിങ്സിലുമായി പട്ടേൽ ഏഴു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്ത അശ്വിൻ, ഇത്തവണ 18 ഓവറിൽ 53 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് 6.2 ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അവസാന നിമിഷങ്ങളിൽ ആളിക്കത്തിയ മോയിൻ അലി 18 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 43 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി. 92 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ജോ റൂട്ട്, മൂന്നു ഫോറുകൾ സഹിതം 33 റൺസെടുത്തു.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ആദ്യ സെഷനിൽ നാലു വിക്കറ്റുകൾ കൂടി നഷ്ടമായി. ആദ്യ ദിനം ഇന്ത്യൻ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് നിന്ന ഡാനിയൽ ലോറൻസ് (53 പന്തിൽ 26), ഇംഗ്ലണ്ട് ഏറെ പ്രതീക്ഷ വച്ചിരുന്ന ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് (51 പന്തിൽ എട്ട്), ഒലി പോപ്പ് (20 പന്തിൽ 12), ബെൻ ഫോക്സ് (ഒൻപത് പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായത്. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ശേഷിച്ച വിക്കറ്റുകളും വീണു. ആദ്യ രണ്ടു വിക്കറ്റും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി. പോപ്പിനെ അക്സർ പട്ടേലും ഫോക്സിനെ കുൽദീപ് യാദവും പുറത്താക്കി. ഓപ്പണർമാരായ റോറി ബേൺസ് (42 പന്തിൽ 25), ഡൊമിനിക് സിബ്‍ലി (25 പന്തിൽ മൂന്ന്), നൈറ്റ് വാച്ച്മാൻ ജാക്ക് ലീച്ച് (0) എന്നിവർ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു.

അശ്വിനെ കയറിക്കളിക്കാനുള്ള ശ്രമത്തിൽ ലോറൻസിനെ ഋഷഭ് പന്ത് തന്ത്രപരമായി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 53 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്താണ് ലോറൻസ് മടങ്ങിയത്. ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ച ബെൻ സ്റ്റോക്സിനെയും അശ്വിൻ തന്നെ വീഴ്ത്തി. അശ്വിന്റെ പന്ത് ടേൺ ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച സ്റ്റോക്സിന് പിഴച്ചു. ബാറ്റിലും പാഡിലും തട്ടിയ പന്ത് സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കൈകളിലൊതുങ്ങി.

മികച്ച രീതിയിൽ തുടങ്ങിയ ഒലി പോപ്പിന്റെ ഊഴമായിരുന്നു അടുത്തത്. തീർത്തും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണം കൂടി ചേർത്ത് റൂട്ടിനു കൂട്ടുനിന്ന പോപ്പിനെ, അക്സർ പട്ടേലാണ് വീഴ്ത്തിയത്. 20 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത പോപ്പിനെ അക്സറിന്റെ പന്തിൽ ഇഷാന്ത് ശർമ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ആറു വിക്കറ്റിന് 110 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായിരുന്ന ബെൻ ഫോക്സിനെ കുൽദീപ് യാദവ് വീഴ്ത്തി. മുഹമ്മദ് സിറാജ് ക്യാച്ച് കൈവിട്ടതുമൂലം ഒരിക്കൽ വിക്കറ്റ് നേട്ടം വഴുതിയ കുൽദീപ്, അധികം വൈകാതെ അക്സർ പട്ടേലിന്റെ സഹായത്തോടെ ഫോക്സിനെ വീഴ്ത്തി. സമ്പാദ്യം ഒൻപത് പന്തിൽ രണ്ടു റൺസ് മാത്രം.

ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ പ്രതിരോധം അക്സർ പട്ടേൽ തകർത്തതോടെ ഇന്ത്യൻ വിജയത്തിന് അരങ്ങൊരുങ്ങി. 92 പന്തിൽ മൂന്നു ഫോറുകൾ സഹിതം 33 റൺസെടുത്ത റൂട്ടിനെ അക്സർ പട്ടേൽ അജിൻക്യ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടു പിന്നാലെ ഒലി സ്റ്റോണിനെയും (0) പുറത്താക്കി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. അഞ്ച് പന്ത് മാത്രം നേരിട്ട സ്റ്റോൺ പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി. ഒടുവിൽ ട്വന്റി20 ശൈലിയിൽ തകർത്തടിച്ച മോയിൻ അലിയെ (18 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 43) പുറത്താക്കി കുൽദീപ് യാദവാണ് ഇംഗ്ലിഷ് ഇന്നിങ്സിന് വിരാമമിട്ടത്.

നേരത്തെ, രവിചന്ദ്രൻ അശ്വിന്റെ 5–ാം ടെസ്റ്റ് സെഞ്ചുറിയും വിരാട് കോലിയുടെ അർധ സെഞ്ചുറിയുമായി സമ്പൂർണ ആധിപത്യം പുലർത്തിയ 3–ാം ദിനം കഴിഞ്ഞപ്പോഴേക്കും ഇന്ത്യ വിജയത്തിനരികെ എത്തിയിരുന്നു. 482 റൺസ് എന്ന ദുഷ്ക്കരമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2–ാം ഇന്നിങ്സിൽ 53 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

മൂന്നാം ദിനത്തിന്റെ ആരംഭത്തിൽ ഒരു വിക്കറ്റിന് 54 എന്ന നിലയിൽ 3–ാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിൽ തന്നെ ചേതേശ്വർ പൂജാര (7) നിർഭാഗ്യകരമായി പുറത്ത്. പന്തു മുന്നോട്ടാഞ്ഞു തട്ടിയിട്ട പൂജാര തിരികെ ക്രീസിലേക്കു തിരിയുന്നതിനിടെ ബാറ്റ് കയ്യിൽ നിന്നു വീണു. ഒലീ പോപ്പിന്റെ ത്രോ സ്വീകരിച്ച് ഫോക്സ് ബെയ്‌ലിളക്കി. ലീച്ചിന്റെ പന്തിൽ ഫോക്സിന്റെ സ്റ്റംപിങ്ങിൽ തന്നെ രോഹിത് ശർമയും (26) ഋഷഭ് പന്തും (8) പുറത്ത്.

രഹാനെയെയും (10) അക്‌സർ പട്ടേലിനെയും (7) മൊയീൻ അലി മടക്കിയതോടെ 6ന് 106 എന്ന നിലയിലായി ഇന്ത്യ. തുടർന്നായിരുന്നു കോലിയും (62) അശ്വിനും (106) ചേർന്ന 96 റൺസ് കൂട്ടുകെട്ട്. 149 പന്തിൽ 7 ഫോറുകൾ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. അശ്വിൻ 148 പന്തിൽ 14 ഫോറും ഒരു സിക്സുമടിച്ചു.

ഒരേ ടെസ്റ്റിൽ സെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും അശ്വിൻ സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ. 2011ൽ വെസ്റ്റിൻഡീസിനെതിരെ മുംബൈയിലും (103, 5/156) 2016ൽ ആന്റിഗ്വയിലും (113, 7/ 83) അശ്വിൻ ഇതേനേട്ടം കൈവരിച്ചിരുന്നു. ഈ നേട്ടം കൂടുതൽ തവണ കൈവരിച്ചത് ഇംഗ്ലിഷ് ഓൾറൗണ്ടർ ഇയാൻ ബോതമാണ് (5 തവണ).