കളത്തിൽ ഇന്ത്യ തോറ്റാലെന്താ!! ; ഗാലറിയിൽ ഒരു ഇന്ത്യ–ഓസീസ് പ്രണയകഥ!

സിഡ്നി:  ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ കൗതുകം പകർന്ന് ഒരു വിവാഹാഭ്യർഥന രംഗം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിനിടെയാണ് ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകൻ ഓസ്ട്രേലിയൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ ഓസ്ട്രേലിയയിൽ ആരാധകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യർഥന നടത്തിയത്. യുവതി അഭ്യർഥന സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തിൽ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. മുട്ടുകുട്ടിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം.

ഗ്ലെൻ മാക്സ്‍വെൽ, ഗാലറിയിലെ ഈ ഇന്ത്യ–ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വിഡിയോ കാണാം: