റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ല: സ്വരം കടുപ്പിച്ച്’ കര്‍ഷകര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍.തങ്ങളുടെ പ്രതിഷേധംതകര്‍ക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ തങ്ങള്‍ക്കെതിരായ അന്വേഷണമെന്നും കര്‍ഷകര്‍ തുറന്നടിച്ചു.വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് വന്‍ ട്രാക്ടര്‍ റാലി നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്രം പലതവണ ആവശ്യമുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. അതേസമയം റാലിയില്‍ നിന്ന് പിന്മാറാന്‍ കോടതി ആവശ്യപ്പെട്ടാല്‍ പിന്മാറുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായി കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയടക്കം 40 പേരെയാണ് എന്‍ഐ നോട്ടീസ് നല്‍കിയത്. പ്രതിഷേധവുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെന്ന് കര്‍ഷക നേതാക്കളിലൊരാള്‍ ആരോപണം ഉയര്‍ത്തി.