വരുണിന്റെ അച്ഛാ, മകനോട് ഈ ചതി വേണ്ടിയിരുന്നില്ല; ജോർജുകുട്ടിയെയും കുടുംബത്തിനെയും സ്വാഗതം ചെയ്ത സിദ്ദിഖിനെ രസകരമായി ട്രോളി ആരാധകർ

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 2. ആദ്യ ഭാഗത്തെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. ആറു വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രം ജീത്തു ജോസഫ് കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. മോഹൻലാലും, മീനയും, അൻസിബയും, എസ്തറും ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി താരങ്ങൾ ടീമിന് ആശംസ അറിയിച്ച് ചിത്രം പങ്കുവെച്ചു.

ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയ സിദ്ദിഖ് രണ്ടാം ഭാഗത്തിലുമുണ്ട്. ജോർജുകുട്ടിക്കും കുടുംബത്തിനും സ്വാഗതം എന്ന കുറിപ്പിനൊപ്പം സിദ്ദിഖ് ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകർ. ആദ്യ ഭാഗത്ത് കൊലചെയ്യപ്പെട്ട വരുണിന്റെ അച്ഛനായാണ് സിദ്ദിഖ് വേഷമിട്ടത്. മകനെ കൊന്ന കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്, എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു എന്നൊക്കെയാണ് ആരാധകർ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ കമന്റ്റ് ചെയ്യുന്നത്.

എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ക്രൈം ത്രില്ലറായിരുന്ന ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കുടുംബ ചിത്രമായാണ് ദൃശ്യം 2 ജീത്തു ജോസഫ് ഒരുക്കുന്നത്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.