പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; നിയന്ത്രണങ്ങൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു ദിവസംകൊണ്ട് രണ്ടരലക്ഷം കോവിഡ് പരിശോധന നടത്താന്‍ തീരുമാനം. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുചടങ്ങുകള്‍, പൊതുഗതാഗതം, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് രണ്ടാഴ്ച കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തവര്‍, ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിലുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് പരിശോധന നടത്തുക. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പരിശോധനകള്‍ പൂര്‍ത്തിയാക്കും. ജില്ലാ മെഡിക്കല്‍ ഒാഫിസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിശ്ചിത എണ്ണം പരിശോധനകളുടെ ടാര്‍ഗറ്റ് നല്‍കിക്കഴിഞ്ഞു. മൊബൈൽ ലാബുകളും സജ്ജീകരിക്കും. ഇതോടൊപ്പം ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

ഐസിയു കിടക്കകള്‍ തയാറാക്കുന്നതിനോടൊപ്പം സിഎഫ്എൽടിസികള്‍ കൂടുതലായി ആരംഭിക്കും. മരുന്നുകളും ഒാക്സിജനും ഉറപ്പാക്കും. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. തുറസായ സ്ഥലത്തുള്ള ചടങ്ങുകളില്‍ 150 പേര്‍ക്കും മുറികള്‍ക്കുള്ളിലാണെങ്കില്‍ 75 പേര്‍ക്കും പങ്കെടുക്കാം. പൊതുയിടങ്ങളിലും ഗതാഗത സൗകര്യങ്ങളിലും നിയന്ത്രണം കടുപ്പിക്കും.

മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. മാളുകള്‍ക്കുള്ളിലോ കടകളിലോ ചന്തകളിലോ ആള്‍ക്കൂട്ടം പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും രേഖകൾ കാണിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ പോകാം. പരിപാടികളിലും പങ്കെടുക്കാം.

അടിയന്തര ആവശ്യങ്ങള്‍, പരീക്ഷകള്‍ എന്നിവക്ക് തടസം വരാതെയാവണം നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടത്. ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടം അനുവദിക്കില്ല. ട്യൂഷന്‍ സെന്‍ററുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാവാതെ ശ്രദ്ധിക്കണം. രണ്ടാം വരവിൽ കോവിഡ് കേരളത്തെ തളര്‍ത്താതെ ‘ക്രഷ് ദ് കർവ്’ നേടിയെടുക്കുന്നതിനാണ് സര്‍ക്കാർ ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം വാക്സിനേഷൻ ദ്രുതഗതിയിലാക്കിക്കൊണ്ട് പ്രതിരോധകവചം തീര്‍ക്കുകയും വേണം.

covid-bus