താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ!!

‘താമര അടയാളത്തിൽ വോട്ട് ചെയ്‌ത് എന്നെ വിജയിപ്പിക്കണം’ പറയുന്നത് കൊറോണയാണ്. ആദ്യം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇതൊരു ചെറിയ കളിയല്ല. കൊല്ലം മതിലിൽ ഡിവിഷൻ ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കൊറോണ പറയുന്നത്. ഏത് കൊറോണയെന്ന് സംശയിക്കേണ്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം മതിലിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന കൊറോണ ജിനുവാണ് ഇപ്പോൾ വാർത്തയിലെ താരം.

പേരിലെ വ്യത്യസ്‌തതയാണ് ഈ 24 കാരിയുടെ സ്ഥാനാർഥിത്വത്തിലേക്ക് വഴിവച്ചത്. കൊറോണയുടെ ഭർത്താവ് ജിനു സുരേഷ് ബിജെപിയുടെ സജീവ പ്രവർത്തകനും മണ്ഡലം കാര്യവാഹുമാണ്. മതിലിൽ വാർഡിൽ സ്‌ത്രീ സംവരണം വന്നപ്പോൾ കൊറോണയെ തേടി സ്ഥാനാർഥിത്വം എത്തുകയായിരുന്നു.

മതിലിൽ കാട്ടുവിളയിൽ തോമസ് ഫ്രാൻസിസിന്റെയും ഷീലയുടെയും മകളാണ് കൊറോണ. തോമസ്-ഷീല ദമ്പതികൾക്ക് ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഇരുവർക്കും വ്യത്യസ്‌ത പേര് ഇടണമെന്ന് തോമസ് ഫ്രാൻസിസിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഡിക്ഷണറിയെടുത്ത് പരതിയത്. ഒടുക്കം ഇരട്ടക്കുട്ടികളിൽ മകൾക്ക് കൊറോണയെന്നും മകന് കോറൽ എന്നും പേരിട്ടു. കൊറോണ എന്ന വാക്കിനർത്ഥം പ്രകാശവലയം എന്നാണ്. പവിഴം എന്നാണ് കോറൽ എന്ന വാക്കിന്റെ അർത്ഥം.