കെഎസ്‌എഫ്‌ഇ റെയ്ഡ്: വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഒരു അഴിമതിയും അന്വേഷിക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. പിണറായി സര്‍ക്കാരിന്‍്റെ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ഭീഷണിപ്പെടുത്തുമെന്നും കേരളത്തിലെ വിജിലന്‍സ് സിപിഐഎം പറയുന്നത് കേള്‍ക്കണമെന്ന നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല. സാധാരണഗതിയില്‍ ഒരു വിജിലന്‍സ് റെയ്ഡ് നടന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടും. ഇപ്പോള്‍ പുറത്തുവരുന്നത് വിജിലന്‍സ് അന്വേഷണം നിര്‍ത്തിവച്ചുവെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി റെയ്ഡിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാത്തത്. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനമാണ് നടത്തിയത്. ആ വിമര്‍ശനം ഉണ്ടായപ്പോള്‍ പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെഎസ്‌എഫ്‌ഇ നല്ല നിലയില്‍ നടന്നിരുന്ന സ്ഥാപനമാണ്. ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്ന സ്ഥാപനമാണ്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ കെഎസ്‌എഫ്‌ഇ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥാപനമായി മാറി. വ്യാപകമായ അഴിമതിയും കൊള്ളയുമാണ് അവിടെ നടക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. അന്വേഷണം വേണ്ട എന്ന നിലപാട് മുഖ്യമന്ത്രിക്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമ‌ായി എന്നും അദ്ദേഹം വിമര്‍ശിച്ചു. വിജിലന്‍സ് സിപിഎം പോഷക സംഘടനയായി പ്രവര്‍ത്തിക്കണോ എന്നും ചെന്നിത്തല ചോദിച്ചു.

ചിട്ടിയില്‍ ഗുരുതരമായ ക്രമക്കേട് നടക്കുന്നു. വ്യാപകമായ കൊള്ളയാണ് നടക്കുന്നത്. ഇതൊന്നും അന്വേഷിക്കേണ്ടെന്നാണോ ധനകാര്യ മന്ത്രി പറയുന്നത്. ഒരന്വേഷണവും വേണ്ട എന്ന നിലപാടാണോ സര്‍ക്കാരിനുള്ളത്. പാര്‍ട്ടി നേതൃത്വം വിജിലന്‍സ് റെയ്ഡിനെതിരെ വരുന്നതിന്റെ അര്‍ത്ഥമെന്താണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം വിജിലന്‍സ് അന്വേഷിക്കണമെന്നാണോ സര്‍ക്കാരിന്റെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു.