വാളയാറിലെ പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിക്കും അമ്മയുടെ ചിഹ്നം; ഭാനുമതി ധര്‍മടത്ത്​ മത്സരിക്കുന്നത്​ ‘കുഞ്ഞുടുപ്പ്’ ചിഹ്നത്തില്‍

കണ്ണൂര്‍: രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയ്​ക്ക്​ തെരഞ്ഞെടുപ്പ്​ ചിഹ്നമായി ലഭിച്ചത്​ ‘കുഞ്ഞുടുപ്പ്​’ (ഫ്രോക്ക്) .

സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള ​പ്രതിഷേധസൂചകമായാണ്​ ഭാനുമതി മത്സരിക്കുന്നത്​. നീതി നിഷേധം ആവര്‍ത്തിക്കുന്നുവെന്നാരോപിച്ച്‌​ ഇവര്‍ തലമുണ്ഡനം ചെയ്​തിരുന്നു.

14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. വാളയാറിലെ അമ്മയുടെ പോരാട്ടങ്ങള്‍ക്ക്​ ഓരോ ഘട്ടത്തിലും സോഷ്യല്‍ മീഡിയയും പൊതുസമൂഹവും വലിയ പിന്തുണ നല്‍കിയിരുന്നത്​. തുടര്‍ന്നാണ്​ മത്സരിക്കാന്‍ ഇറങ്ങിയത്​. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ച ഭാനുമതിക്ക്​ പിന്തുണ നല്‍കാന്‍ യു.ഡി.എഫ്​ ആലോചിച്ചിരുന്നു.

ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്​ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുവദിച്ചത്​. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.