മുംബൈ ബാർജ് അപകടം: മാണി സി കാപ്പൻ്റെ ഇടപെടൽ ജോയലിൻ്റെ കുടുംബത്തിൻ്റെ ആശങ്കയകറ്റി

പാലാ: ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിൽ കാണാതായ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജെയ്‌സണിനെക്കുറിച്ചു വീട്ടുകാർക്ക് ആദ്യം വിവരം ലഭിച്ചത് നിയുക്ത എം എൽ എ മാണി സി കാപ്പൻ്റെ അവസരോചിതമായ ഇടപെടൽമൂലമാണെന്ന് ജോയലിൻ്റെ മാതൃസഹോദരൻ ഫാ ജോമോൻ തട്ടാമറ്റത്തിൽ പറഞ്ഞു. ജെയ്സനെ കാണാതായതായി വിവരം ലഭിച്ച ഉടൻ ബന്ധുക്കൾ മാണി സി കാപ്പനെ ബന്ധപ്പെട്ടു. ഉടൻ തന്നെ മാണി സി കാപ്പൻ തൻ്റെ സുഹൃത്തും മുംബൈയിൽ നേവിയിൽ ഉന്നത ഉദ്യോഗസ്ഥനുമായ മാത്യൂസിനെ വിവരം അറിയിച്ചു. പിന്നീട് മാത്യൂസാണ് ജോയൽ സുരക്ഷിതനായിരിക്കുന്ന വിവരം അറിയിച്ചത്. ഇതോടെ ബന്ധുക്കളുടെ ആശങ്കയകന്നു.

മുംബൈ അന്തേരി ഈസ്റ്റ് ഹോളിക്രോസ് പള്ളിയിൽ ചാപ്ലിനായ ഫാ ജോമോൻ തട്ടാമറ്റത്തിൽ ഇന്നലെ ഉച്ചയ്ക്ക് ജോയലിനെ നേരിൽ സന്ദർശിച്ചു. മാണി സി കാപ്പൻ്റെ ആവശ്യപ്രകാരം നേവി ഉദ്യോഗസ്ഥനായ മാത്യൂസ് ആണ് ഇതിനുള്ള സൗകര്യം ഏർപ്പാട് ചെയ്തു നൽകിയത്. കാലിൽ നേരിയ പൊട്ടൽ ഉള്ളത് ഒഴിച്ചാൽ ജോയലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫാ ജോമോൻ മുംബൈയിൽ നിന്നറിയിച്ചു. ഇന്ന് ജോയലിനെ വീണ്ടും സന്ദർശിക്കുമെന്ന് ഫാ ജോമോൻ അറിയിച്ചു.

മാണി സി കാപ്പൻ്റെ ഇടപെടൽ മൂലമാണ് പെട്ടെന്ന് വിവരങ്ങൾ അറിയാനും നേരിൽ കാണാനും സാധിച്ചത്. അപകടത്തിൽപ്പെട്ടവരെ കാണാൻ മറ്റുള്ളവരുടെ ബന്ധുക്കൾക്കു ഇതേ വരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.