വാട്ടർ അതോറിട്ടിയെ കരകയറ്റുന്നതിന്റെ ഭാഗമായി സ്മാർട്ട് വാട്ടർ മീറ്റർ വരുന്നു

കൊല്ലം: നഷ്ടത്തിലോടുന്ന വാട്ടർ അതോറിട്ടിയെ കരകയറ്റുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് മീറ്റർ കമ്പനിയിൽ സ്മാർട്ട് വാട്ടർ മീറ്റർ നിർമ്മിക്കാൻ ധാരണയായി. നിർമ്മാണം ഉടൻ തുടങ്ങും. റീഡർമാർ നേരിട്ടെത്തി കണക്കെടുക്കാതെ, ജല ഉപഭോഗത്തിന്റെ അളവും ബില്ലും കൃത്യമായി ഉപഭോക്താക്കൾക്കും വാട്ടർ അതോറിട്ടിക്കും ലഭ്യമാക്കുന്നതാണ് സ്മാർട്ട് മീറ്ററുകൾ. ഉപഭോഗം കൃത്യമായി കണക്കാക്കാനാകാത്തതുമൂലവും ജല ചോർച്ചയിലൂടെയും വാട്ടർ അതോറിട്ടിക്ക് ഉണ്ടാകുന്ന കോടികളുടെ നഷ്ടം പുതിയ സംവിധാനം വരുന്നതോടെ ഒഴിവാകും.

പൈപ്പ് ലൈനിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയനുസരിച്ച് റീഡിംഗ് കണക്കാക്കുന്ന ഗിയർ മീറ്ററുകളാണ് വാട്ടർ അതോറിട്ടിയുടെ ഭൂരിഭാഗം കണക്‌ഷനുകൾക്കുമുള്ളത്. ഇതിൽ പകുതിയോളവും പ്രവർത്തനക്ഷമമല്ല. അടുത്തിടെ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിച്ചിട്ടും കാര്യമായ ഗുണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടാപ്പിനും പൈപ്പ് ലൈനിനും ഇടയിൽ സ്ഥാപിക്കുന്ന ചിപ്പ് വഴി ജല ഉപഭോഗത്തിന്റെ അളവ് കണക്കാക്കുന്ന സ്മാർട്ട് വാട്ടർ മീറ്റർ പരീക്ഷിക്കുന്നത്. പുതിയ മീറ്ററിൽ നിന്ന് ജല ഉപഭോഗത്തിന്റെ അളവും ബിൽ തുകയും സോഫ്ട്‌വെയർ വഴി ഉപഭോക്താവിന്റെ മൊബൈൽ ഫോണിലെത്തും. പൈപ്പ് ലൈനുകളിലെ തടസങ്ങളും പൊട്ടലുകളും സ്മാർട്ട് മീറ്ററുകൾ വഴി വാട്ടർ അതോറിട്ടിക്ക് പെട്ടെന്ന് കണ്ടെത്താനും സംവിധാനമുണ്ട്.

വാട്ടർ മീറ്ററുകളുടെ നി‌ർമ്മാണം ആരംഭിക്കാൻ മീറ്റർ കമ്പനിക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ സി- ഡാക്കിൽ നിന്നാണ് സ്മാർട്ട് വാട്ടർ മീറ്ററിന്റെ സാങ്കേതികവിദ്യ മീറ്റർ കമ്പനി വാങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ വാട്ടർ അതോറിട്ടി നാല് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

”വിതരണം ചെയ്യുന്ന ജലത്തിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണ് വാട്ടർ അതോറിട്ടി നേരിടുന്ന പ്രതിസന്ധി. സ്മാർട്ട് മീറ്റർ റീഡറുകൾ വന്നാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും. എന്നാൽ മീറ്റർ റീഡർമാരെ പിരിച്ചുവിടാനാകില്ല. അവരെ മറ്റേതെങ്കിലും ജോലികളിലേക്ക് വിന്യസിക്കുന്ന കാര്യത്തിൽ ധാരണ ഉണ്ടായിട്ടേ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൂ.