കൃഷിയിടങ്ങൾ യന്ത്രവത്കരിക്കുന്നതിന് മിഷൻ രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ കൃഷിയിടങ്ങൾ യന്ത്രവത്കരിക്കുന്നതിന് മിഷൻ രൂപീകരിക്കും.
യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും കർഷകർക്ക് പരിശീലനം നൽകുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുക, ഇതിനായി കേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷന്റെ ലക്ഷ്യങ്ങൾ.
ഞാറ് നടൽ, കൊയ്ത്ത്, മെതി തുടങ്ങിയവയ്ക്ക് യന്ത്രങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും പൂർണമായും യന്ത്രവത്കൃതമല്ല. പലയിടത്തും യന്ത്രങ്ങളുണ്ടെങ്കിലും പ്രവർത്തിപ്പിക്കാനാളില്ല. യന്ത്രങ്ങളെയും തൊഴിലാളികളെയും ഒരു വയലിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ സംവിധാനമില്ല. യന്ത്രങ്ങളുടെ നിസാരമായ അറ്റകുറ്റപ്പണി പോലും നടത്താനാവുന്നില്ല . സർക്കാരാകട്ടെ, പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി നൽകുന്നത്. സർക്കാരിത ഏജൻസികളും യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ ഏകോപനമില്ലായ്മ മൂലം വേണ്ടത്ര പ്രയോജനമില്ല. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവം രൂക്ഷമാണ്. ഇതിന് പരിഹാരമുണ്ടാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ള കാർഷിക കർമ്മ സേന, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയെ ഒറ്റക്കുടക്കീഴിലാക്കും. കാർഷിക ഗവേഷക , വിഷ പരിശോധന, പരിശീലന കേന്ദ്രങ്ങളെ ഏകോപിപ്പിക്കും.

യന്ത്രമുണ്ട്, പക്ഷേ ഉപയോഗിക്കില്ല

വിവിധ സർക്കാർ വകുപ്പുകളുടെയും കാർഷിക ഏജൻസികളുടെയും കൈവശം ആധുനിക കാർഷിക യന്ത്രങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. പ്രവർത്തിപ്പിക്കാനറിയാത്തതാണ് പ്രശ്നം. പലപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാടകയ്ക്ക് യന്ത്രങ്ങൾ ഇറക്കുകയാണ് . ഇടനിലക്കാർ ഇതിന് വൻതുകയാണ് ഈടാക്കുന്നത്.

മന്ത്രി ചെയർമാനായി എക്സിക്യൂട്ടീവ് കമ്മിറ്റി

മിഷന്റെ പ്രവർത്തനങ്ങൾക്ക് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ചെയർമാനായി 14 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കാർഷിക സർവകലാശാല വൈസ് ചാൻസലർ മെമ്പർ സെക്രട്ടറിയുമാണ്.