രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ സമവായത്തിനുള്ള ശ്രമവുമായി ബി ജെ പി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ പ്രതിപക്ഷവുമായി സമവായത്തിനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചിരിക്കുന്ന സമിതിയിലെ അംഗങ്ങളായ രാജ്നാഥ് സിംഗും വെങ്കയ്യ നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷം ഇവർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണും. ബിഎസ്പി നേതാവ് മായാവതി, എൻസിപി അധ്യക്ഷൻ ശരത് പവാർ എന്നിവരുമായെല്ലാം കേന്ദ്രമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സമവായത്തിൽ എത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷവുമായി സമവായത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചിരിക്കുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് എന്നിവർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണ നൽകുമോ ഇല്ലയോ എന്ന കാര്യം അറിയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സോണിയയുമായി കേന്ദ്രമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല
ഇടഞ്ഞുനിൽക്കുന്ന സിപിഎമ്മിനെയും മായാവതിയെയും കൂടി സമവായ വഴിക്ക് കൊണ്ടുവരാനാവും രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരുടെ ശ്രമം. ആർഎസ്എസ് പശ്ചാത്തലമില്ലാത്ത പൊതുസമ്മതനെ നിയോഗിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. ഇതാണ് സുഷമ സ്വരാജിന്‍റെ പേരിന് സ്വീകാര്യത കൂടാൻ കാരണം.ജനങ്ങൾ ഭൂരിപക്ഷം നൽകിയിരിക്കുന്ന സർക്കാരിന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള അവകാശം നൽകണമെന്നാണ് ബിജെപിയുടെ നിലപാട്. അതിനാലാണ് ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി അവർ സമവായത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് തള്ളിക്കളയാൻ കഴിയാത്ത പൊതുസമ്മതനെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. അത്തരമൊരു സ്ഥാനാർഥിയുണ്ടെങ്കിൽ പിന്തുണയ്ക്കാമെന്ന നിലപാട് കോണ്‍ഗ്രസിനും എൻസിപിക്കും ഉണ്ട്.
സുഷമ സ്വരാജ് സ്ഥാനാർഥിയാണെങ്കിൽ കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിനെ പിന്തുണച്ച ശിവസേനയും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നരേന്ദ്ര മോദി നിയോഗിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ടിഡിപിയുടെ ചന്ദ്രബാബു നായിഡു എൻഡിഎയ്ക്കൊപ്പം ഉറച്ചു നിൽക്കുകയാണ്.