മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം

കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. കുളച്ചൽ സ്വദേശി തമ്പിദുരൈ, ആസാം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ ഉത്തരേന്ത്യൻ തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. പതിനൊന്നു പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അൽപം ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കപ്പൽ നാവികസേനയും കോസ്‌റ്റ്ഗാർഡും ചേർന്ന് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ 2.30നായിരുന്നു സംഭവം. പുതുവൈപ്പിൻ തീരത്ത് നിന്ന് 20 നോട്ടിക്കൽമൈൽ അകലെ വച്ച് കാർമൽ മാത എന്ന ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നു. ബോട്ടിൽ14 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ശക്തമായി ഉലഞ്ഞു പോയ ബോട്ടിൽ നിന്ന് മൂന്നു പേർ കടലിൽ വീഴുകയായിരുന്നു. പനാമയിൽ രജിസ്‌റ്റർ ചെയ്ത ആംപർ എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. ഇടിയുടെ ശബ്ദം കേട്ടെത്തിയ മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മത്സ്യബന്ധന ബോട്ട് പൂർണമായും തകർന്നു. കപ്പലുകൾ പോകുന്ന വഴിയിൽ അല്ല ബോട്ട് നിറുത്തിയിട്ടിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.