പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ മുറ്റത്തുള്ള പുതുപുത്തൻ സിന്തറ്റിക് ട്രാക്ക് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പുതിയ ദൂരങ്ങളുടെയും പുതിയ താരങ്ങളുടെയും ഉദയത്തിനുള്ള കളരിയാണ് ഇന്നു ജൂൺ 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുന്നത്. കാന്തലാട് മലയ്ക്കുതാഴെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ മുറ്റത്തുള്ള പുതുപുത്തൻ സിന്തറ്റിക് ട്രാക്ക് ഇനി കാത്തിരിക്കുന്നത് കുതിപ്പുകളെയാണ്. മൊത്തം എട്ടുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവ്. നീലനിറത്തിലുള്ള ട്രാക്കാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരുകോടി അധികം വരുമെന്നതിനാൽ പിന്നീട് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഒന്നര ഇഞ്ച് വീതിയിലാണ് ഇതിൽ പോളി യൂറിത്തീൻ കോട്ടിങ്‌ നൽകുന്നത്. പരിശീലനത്തിനിടയിൽ പരുക്കുണ്ടാക്കുന്ന വിധം ബൗൺസിങ്ങുകൾ ഉണ്ടാവില്ല എന്നതാണ് ഈ കോട്ടിങിന്റെ പ്രത്യേകത. രാജ്യാന്തര മത്സരങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ട്രാക്കിന്റെ നിർമ്മാണം.
പ്രവൃത്തി തുടങ്ങി ഏഴുവർഷങ്ങൾക്കുശേഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തെതന്നെ ഏറ്റവും മികച്ച ട്രാക്കാവുകയാണ് ഉഷ സ്കൂളിലേത്. പരിശീലനത്തിനും മത്സരത്തിനും ഉപയോഗിക്കാവുന്നതരം ഫുൾ പി.യു.ആർ. ട്രാക്കാണ് ഇവിടത്തേത്. ഇന്ത്യയിൽത്തന്നെ ഇത്തരത്തിലുള്ള നാലാമത്തെ ട്രാക്കാണിത്. നിർമാണച്ചെലവ് കൂടുമെങ്കിലും നിലനിൽപ്പ് കാലയളവ് ഇത്തരം സിന്തറ്റിക് ട്രാക്കിൽ കൂടുതലായിരിക്കും.അന്താരാഷ്ട്ര മത്സരങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാൻ യോഗ്യതയുള്ള ഒരു സ്റ്റേഡിയമാണ് ഉഷയുടെ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് കോടികൾ മുടക്കി അന്താരാഷ്ട്രനിലവാരത്തിൽതീർത്ത സിന്തറ്റിക് ട്രാക്ക്
സിന്തറ്റിക് ട്രാക്കിനോടനുബന്ധിച്ച് ഫ്ലഡ് ലൈറ്റ്, ഹോസ്റ്റൽ, സ്വിമ്മിങ് പൂൾ ഇതെല്ലാം അധികംതാമസിയാതെ ഇവിടെയെത്തുമെന്നുറപ്പ്. രാത്രി കാലത്തും പരിശീലനം ചെയ്യുന്നതിനാണ് ഫ്ലഡ് ലൈറ്റ് സൗകര്യം ഒരുക്കുന്നത്. അഞ്ഞൂറുപേർക്ക് ഇരിക്കാവുന്ന മനോഹരമായ ഗാലറി, അതോടനുബന്ധിച്ച് കായികതാരങ്ങൾക്ക് വേഷംമാറുന്നതിനുള്ള ഡ്രസ്സിങ് റൂം, കുളിമുറികൾ, അവരെ താമസിപ്പിക്കാവുന്ന ഹോസ്റ്റൽ, മൈതാനത്തെ പച്ചപ്പ് നിലനിർത്താനായി ആധുനികമായ സ്‌പ്രിഗ്ലിങ്, ഓവർഹെഡ് ടാങ്ക് ഇവകൂടിയാവുമ്പോൾ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ നിർദേശിക്കുന്ന എ ക്ലാസ് സർട്ടിഫിക്കറ്റോടെയുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ലഭ്യമാവും.
അതോടെ ദേശീയ, അന്തർദേശീയ മത്സരങ്ങൾ കിനാലൂരിനെ തേടിയെത്തുമെന്നതിൽ സംശയംവേണ്ട. നാലുകോടിയിൽ അധികം രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. എൻ.എസ്.ഡി.എഫ്. ഇതിനുള്ള സഹായം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. ഒരു ഇന്ത്യൻ ഗ്രാൻഡ്‌ പ്രീ മത്സരം നടത്താൻ ഇപ്പോൾ പ്രാപ്തമാണ് ഇപ്പോൾ ഉഷ സ്കൂൾ. അടുത്തടുത്തായി രണ്ട് 400 മീറ്റർ ട്രാക്കുകളും നാല് ലോങ്‌ ജമ്പ് പിറ്റുകളും ത്രോയിങ്‌ പിറ്റുകളും സ്റ്റീപ്പിൾ ചേസ് അടക്കമുള്ള ഇനങ്ങൾ ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള സൗകര്യങ്ങളും ഇവിടത്തെ മൈതാനത്തുണ്ട്.
ഉഷ സ്കൂളിലെ കോൺഫറൻസ് മുറിയിൽ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളും ഉപയോഗപ്രദമാക്കുന്നു. പലരുടെയും വാഗ്ദാനങ്ങൾ വാക്കുകളിൽമാത്രം ഒതുങ്ങിയപ്പോൾ പണി തീരാതെപോയ മൾട്ടി ജിം എന്ന സ്വപ്നത്തിനാണ് സർക്കാരിന്റെ സഹായത്തോടെ ജീവൻ വെച്ചിരിക്കുന്നത്. സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ മൊത്തം അന്തരീക്ഷത്തിനു ചേരാത്തവിധം പണി തീരാതെ ഉയർന്നു നിൽക്കുന്ന പഴയ കെട്ടിടമാണ് പുതിയമുഖത്തിനായി കാത്തിരിക്കുന്നത്.
തന്റെ കാലത്തെ അസൗകര്യങ്ങൾ ശിഷ്യർക്ക് ഒരിക്കലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായാണ് ഉഷ മൾട്ടി ജിം എന്ന ആശയത്തിന് രൂപം നൽകിയിരുന്നത്. 14 ലക്ഷം രൂപ ഇതിനകം ജിമ്മിനായി മുടക്കിക്കഴിഞ്ഞു. ബാക്കി തുകയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷത്തോളമായി. സർക്കാർ ഒരുകോടി എട്ടുലക്ഷം രൂപ പാസാക്കിയതോടെ അടുത്ത സീസൺ തുടങ്ങുമ്പോഴേക്കും പണി തീർക്കുമെന്ന ലക്ഷ്യത്തിലാണ് സ്കൂൾ അധികൃതർ.
2008-ൽ കിനാലൂരിലേക്ക് സ്കൂൾ കേന്ദ്രം മാറിയതിനുശേഷമുള്ള ഒമ്പതുവർഷത്തിൽ രാജ്യത്തിനായി ഉഷ സ്കൂൾ നേടിയത് 37 അന്താരാഷ്ട്ര മെഡലുകൾ. ഒരിക്കൽ കൈവിട്ടുപോയ മെഡൽ തന്റെ ശിഷ്യരിലൂടെ തിരിച്ചെടുക്കാനുള്ള ഉഷയുടെ പ്രയത്നങ്ങൾ ശരിയായ ദിശയിലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ടിന്റു ലൂക്ക, ജിസ്ന മാത്യു എന്നീ രണ്ട് ഒളിമ്പ്യൻമാർ. ഉഷ സ്കൂളിനുമാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്.
ഇങ്ങനെയൊരു ട്രാക്കിനായി മംഗലാപുരത്തുപോയി നാലഞ്ചു ദിവസം താമസിച്ച് കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട് ഞാൻ. എറണാകുളം, മൈസൂർ, ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ട്. പരിശീലനത്തിനായി പോവാത്ത മൈതാനങ്ങൾ കുറവാണ്. അത്തരം സാഹചര്യങ്ങൾ നോക്കുമ്പോൾ സ്വന്തം ഇടത്തിൽ കൺമുന്നിൽ ഒരു വിളിപ്പാടകലെ ഒരു സിന്തറ്റിക് ട്രാക് വന്നത് മഹാഭാഗ്യമായി കരുതുന്നു.’ പി.ടി. ഉഷയുടെ ശബ്ദത്തിൽ ആഹ്ലാദവും അഭിമാനവും നിറയുന്നു. നാടിനു സമർപ്പിക്കുന്നതോടെ സിന്തറ്റിക് ട്രാക് പരിശീലനത്തിനായി താൽപര്യമുള്ളവർക്കും ഉപയോഗിക്കാനാവും.