കൊളംബിയയില്‍ സ്‌ഫോടനം: മൂന്നു മരണം

ബഗോട്ട: കൊളംബിയയില്‍ ബഗോട്ടയിലെ ഷോപ്പിംഗ് മാളിലുണ്ടായ സ്‌ഫോടനത്തില്‍ ഫ്രഞ്ച് യുവതി ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. സെന്‍ട്രോ അന്‍ഡിനോ മാളില്‍ പ്രദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള തിരക്കേറിയ നേരത്താണ് സ്‌ഫോടനം ഉണ്ടായത്. ഷോപ്പിംഗ് സെന്ററിലുള്ള സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് നിരവധി ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിംഗ് സെന്ററില്‍ എത്തിയിരുന്നു. നഗരത്തിലെ സ്‌കൂളിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ഫ്രഞ്ച് യുവതിയെന്ന് ബഗോട്ട മേയര്‍ എന്റിക് പെനലോസ പറഞ്ഞു. കൊല്ലപ്പെട്ട മറ്റു രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.