അള്‍ട്രാ ഇലക്‌ട്രിക് 9m ബസ് അവതരിപ്പിച്ച് ടാറ്റ

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ കാലം ഇനി അധികം നാൾ നീണ്ടു നിൽക്കില്ല. ആഗോളതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യന്‍ കമ്ബനിയായ ടാറ്റയും മുൻപോട്ടു വരുന്നു. ഇലക്‌ട്രിക് വാഹനങ്ങളിൽ വലിയൊരു പരീക്ഷണവുമായാണ് ടാറ്റ മോട്ടോഴ്സിന്റെ ചുവടുവയ്പ്പ്. വൈദ്യുത പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ശ്രേണിയില്‍ ഒന്നാം സ്ഥാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ, പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ഇലക്‌ട്രിക് ബസുകള്‍ പുറത്തിറക്കാനും ടാറ്റ മോട്ടോഴ്സ് പദ്ധതിയുണ്ട്.

ഇതിന്റെ ഭാഗമായി ചണ്ഡിഗഡ് ഗതാഗത വകുപ്പിന് കീഴില്‍ അത്യാധുനിക ഇലക്ടിക് ബസിന്റെ 15 ദിവസത്തെ പരീക്ഷണ ഓട്ടത്തിനുള്ള ഒരുക്കങ്ങള്‍ വിജയകരമായി പൂർത്തിയാക്കി. മുപ്പത്തിയൊന്ന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അള്‍ട്രാ ഇലക്‌ട്രിക് 9m ബസാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ പരീക്ഷണത്തിന് പുറത്തെടുത്തത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒമ്ബത് മീറ്ററാണ് ബസിന്റെ നീളം. ആഴ്ചകള്‍ക്ക് മുൻപ് പര്‍വണോ മുതല്‍ ഷിംല വരെ നടത്തിയ പരീക്ഷണ ഓട്ടത്തില്‍, ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ പിന്നിട്ടാണ് ആള്‍ട്രാ ഇലക്‌ട്രിക് ബസ് ചരിത്രത്തിലേക്ക് കുതിച്ചുകയറിയത്. എഴുപത് ശതമാനം ചാര്‍ജ് ഉപയോഗിച്ച്‌ 143 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായത് ആള്‍ട്രാ ഇലക്‌ട്രിക് ബസിന്റെ നേട്ടമായി കമ്പനി വിലയിരുത്തുന്നു.