ടെന്നീസ് കോര്‍ട്ടിലെ റാണി സെറീന വില്യംസ് അമ്മയായി

ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടിലെ റാണി സെറീന വില്യംസ് അമ്മയായി. സെറീന വില്യംസിനും പങ്കാളി അലക്‌സിസ് ഒഹാനിയനും പെണ്‍കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരിസ് മെഡിക്കല്‍ സെന്ററില്‍ സെറീനയെ പ്രവേശിപ്പിച്ചത്.

സെറീന ഗര്‍ഭം ധരിച്ച വിവരം അവിചാരിതമായാണ് പുറത്തായത്. താന്‍ 20 ആഴ്ച ഗര്‍ഭിണി ആണെന്ന് സ്‌നാപ് ചാറ്റില്‍ അതിനാടകീയമായാണ് സെറീന അറിയിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത് കുഞ്ഞ് സെറീനയെ വയറ്റില്‍ ചുമന്നായിരുന്നു. ഇത് പിന്നീടാണ് പുറം ലോകം അറിയുന്നത്.

സെറീന ഗര്‍ഭിണി ആയതുമുതല്‍ വിവാദകോര്‍ട്ടും ടെന്നീസ് റാണിക്ക് പിന്നാലെ എത്തിയിരുന്നു. സെറീനയ്ക്ക് ഉണ്ടാകുന്ന കുഞ്ഞിനു നേരെ വംശീയ അധിക്ഷേപം നടത്തി മുന്‍ പുരുഷ ടെന്നീസ് താരത്തിന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു.