സ്കൂൾ കായികമേള: ജോയിസ് വേണാടൻ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി മഞ്ഞക്കടമ്പൻ

കോട്ടയം: ഈ മാസം പാലായിൽ നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കോട്ടയം എം പി ജോസ് കെ മാണിയുടെ സാന്നിദ്ധ്യം സംബന്ധിച്ച് വിദ്യാർഥി ജനപക്ഷം സംസ്ഥാന കോർഡിനേറ്റർ ജോയിസ്‌ വേണാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നു കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആരോപിച്ചു. സംഘാടക സമിതി യുടെ ഐകകണ്ഠേനയുള്ള നിർദ്ദേശവും സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ നിബന്ധനകൾക്കും വിധേയമായി വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെയാണ് കാര്യപരിപാടി ക്രമീകരിച്ചിരിക്കുന്നതെന്നും സജി പറഞ്ഞു. കോട്ടയം എം പി ജോസ് കെ മാണിയെ പരിപാടിയിൽ നിന്നും മുഖ്യമന്ത്രി ഇടപെട്ട് പരിപാടിയിൽ നിന്നും ഒഴിവാക്കി എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നതിനെതിരെയാണ് സജിയുടെ പ്രസ്താവന.

സജി മഞ്ഞക്കടമ്പന്റെ പ്രസ്താവനയുടെ പൂർണരൂപം:
കേരളത്തിന്റെ കായിക മാമാങ്കമായ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 20 മുതൽ 23 വരെ പാലായിൽ നടത്തപ്പെടുകയാണ്.
ഏഷ്യായിലെ ഏറ്റവും വലിയ കൗമാര കായികമേളയാണ് നടക്കുവാൻ പോകുന്നത് . ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്..കായിക വകുപ്പ് മന്ത്രി.കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അടക്കം നാലു മന്ത്രിമാർ നാലോളം പാർലമെന്റ് അംഗങ്ങൾ.കോട്ടയം ജില്ലയിലെ നിയമസഭാംഗങ്ങൾ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ അടക്കമുള്ള ജനപ്രതിനിധികൾ മൂവ്വായിരത്തോളം പ്രതിഭകൾ.പരിശീലകർ.മറ്റ് ഒഫീഷ്യൽസ് തുടങ്ങി പതിനായിരങ്ങൾ എത്തുന്ന ഈ മഹാമേളയ്ക്ക് സ്വാഗതമോതുവാൻ ആതിഥ്യമരുളാൻ പാലാ തയ്യാറായി കഴിഞ്ഞു…

ഈ മഹാമേള വരുന്നതിന് കാരണക്കാരനായത് പാലായുടെ സ്വന്തം എം എൽ എ കെ.എം മാണിയാണ്. മധ്യ തിരുവിതാം സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയം കോട്ടയം ജില്ലയിൽ പാലാ മാത്രമാണ്.അതാണ് ഇത്തരമൊരു മഹാമേള വരുവാനുള്ള മുഖ്യകാരണം..കഴിഞ്ഞ ആറുമാസമായി പാലാ നഗരസഭയും സംഘാടക സമിതിയും ഈ മേളയുടെ വിജയത്തിനായുള്ള പ്രയ്തനങ്ങളിലായിരുന്നു..
ഈ മഹാ മേള കഴിഞ്ഞാൽ 26ന് CBSE സ്കൂളുകളുടെ സംസ്ഥാന കായിക മേള വരുന്നു.തുടർന്ന് എം.ജി സർവ്വകലാശാല കായിക മേള തുടങ്ങി പ്രധാന കായിക മത്സരങ്ങളുടെയെല്ലാം ആതിഥേയത്വം വഹിക്കുന്നത് പാലായാണ്. ഇതിൽ ചിലരുടെ അസഹിഷ്ണുതയുടെ പ്രതികരണമാണ് ചില ഓൺലൈൻ പത്രങ്ങൾ ഏറ്റെടുത്ത് വ്യക്തിഹത്യയുടെ പിതൃശൂന്യ പ്രചാരകരാകുന്നത്.

സംഘാടക സമിതി യുടെ ഐകകണ്ഠേനയുള്ള നിർദ്ദേശവും സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ നിബന്ധനകൾക്കും വിധേയമായി വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെയാണ് കാര്യപരിപാടി ക്രമീകരിച്ചിരിക്കുന്നത്..സ്വാഗതം ആശംസക്കേണ്ടത് കീഴ് വഴക്കമനുസരിച്ച് സ്ഥലം എം എൽ എ യാണ്.ഇവിടെ കെ.എം മാണി സാർ തന്നെയാണ് ആ ചുമതല നിർവ്വഹിക്കുന്നത്.മന്ത്രിമാർക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിച്ചതിനു ശേഷം ആദ്യ ആശംസ അർപ്പിക്കുന്നത് സ്ഥലം എം.പി ജോസ് കെ മാണിയാണ്. അതിനുശേഷം ജില്ലയിലെ 3 എംപിമാരും എം എൽ എ മാരും സംസാരിക്കും. ജോയിസ് വേണാടൻ എന്ന വ്യക്തിയുടെ കഴിഞ്ഞ 6 മാസത്തെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യക്തിഹത്യകളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഇനിയെങ്കിലും ‘ ഇത്തരം വ്യക്തികളെ തിരിച്ചറിയണം. ഇത്തരക്കാരെ സമൂഹം തിരസ്കരിക്കണം.