നോട്ടുകൾ നിരോധനത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി തീർന്നിട്ടില്ലെന്ന് എസ് ബി ഐ

നോട്ടുകൾ നിരോധനത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി തീർന്നിട്ടില്ലെന്ന് എസ് ബി ഐ

ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച മോഡി സർക്കാരിന്റെ നടപടി രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയയേയും സാമ്പത്തിക വളർച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നിക്ഷേപകർക്കായി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. നോട്ടുകൾ പിൻവലിച്ചത്‌ ബാങ്കിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്‌. സാമ്പത്തിക വളർച്ചയിലുണ്ടായ ച്യുതി ബാങ്കിന്റെ ലാഭം കുറയ്ക്കുകയും നിക്ഷേപകർക്ക്‌ ലഭിക്കുന്ന ലാഭവിഹിതം ഗണ്യമായി കുറയുമെന്നും റിപ്പോർട്ടിലുണ്ട്‌.

നോട്ട്‌ പിൻവലിച്ചതിന്‌ ശേഷം കറണ്ട്‌, സേവിംഗ്സ്‌ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിൽ ഗണ്യമായ വർധന ഉണ്ടായി. നിക്ഷേപത്തിന്റെ നിരക്ക്‌ 4.10 ശതമാനത്തിൽ നിന്നും 39.3 ശതമാനമായി വർധിച്ചു. ഇതിന്റെ ഭാഗമായി വായ്പാ ഇനത്തിൽ ഈടാക്കുന്ന പലിശ നിരക്ക്‌ കുറയ്ക്കണമെന്ന നിർദ്ദേശം ഇനിയും ഉണ്ടായില്ല. വാണിജ്യ ബാങ്കുകളിലും നിക്ഷേപത്തിന്റെ തോത്‌ ക്രമാതീതമായി വർധിച്ചു. എന്നാൽ ഇതിന്റെ വ്യക്തമായ കണക്കുകൾ വെളിപ്പെടുത്താൻ വാണിജ്യ ബാങ്കുകൾ തയ്യാറായില്ല. തങ്ങൾക്ക്‌ ഇഷ്ടമുള്ള പലിശ നിരക്കിലാണ്‌ വായ്പകൾ നൽകുന്നത്‌. വായ്പ എടുക്കുന്ന ആളിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ പലിശാ നിരക്കിൽ ഇളവുകൾ ചെയ്യുന്നു. അപ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും കർഷകർക്കും കൂടിയ പലിശ നിരക്കിലാണ്‌ വാണിജ്യ ബാങ്കുകൾ വായ്പകൾ അനുവദിക്കുന്നത്‌.

ഇത്തരത്തിലുള്ള ഗൂഢമായ പ്രവർത്തനങ്ങളും എസ്ബിഐയെ ബാധിച്ചു. ഈ പ്രവണതകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ റിസർവ്വ്‌ ബാങ്കിന്റേയോ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമാണ്‌ എസ്ബിഐ അധികൃതർ ഉയർത്തുന്നത്‌. നോട്ടുകൾ പിൻവലിച്ച നടപടിയുടെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി അടുത്തകാലത്തൊന്നും തീരില്ലെന്ന മൂന്നാര്റിയിപ്പാണ്‌ എസ്ബിഐ നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും നൽകുന്നത്‌. നോട്ടുകൾ പിൻവലിച്ചത്‌ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചിട്ടില്ലെന്നും പകരം സാമ്പത്തിക ഉത്തേജനം സൃഷ്ടിച്ചെന്നുമാണ്‌ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ ഊർജ്ജിത്‌ പട്ടേൽ അടുത്തിടെ പറഞ്ഞത്‌. ഇതിനെ ഖണ്ഡിക്കുന്ന വിധത്തിലുള്ള പ്രസ്താവനയാണ്‌ കണക്കുകൾ നിരത്തി എസ്ബിഐ സാധൂകരിക്കുന്നത്‌. 

നിക്ഷേപ തോത്‌ വർധിച്ചെങ്കിലും നിഷ്ക്രീയ ആസ്തിയിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനയും പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ പ്രത്യേകിച്ചും എസ്ബിഐയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. നിഷ്ക്രീയ ആസ്തിയിലെ ക്രമാതീതമായ വർധനയും അതിന്റെ ഭാഗമായുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിന്‌ പൊതുമേഖലാ ബാങ്ക്‌ അധികൃതരുടെ യോഗം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ഇന്ന്‌ ചേരും. വായ്പ എടുത്ത്‌ തിരിച്ചടക്കാത്ത വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിന്‌ ബാങ്കുകൾക്ക്‌ അനുമതി നൽകുന്ന നിയമഭേദഗതിയും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.