സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് അജു വർഗീസ്

ഒരു സിനിമയുടെ നിർമാണം, സംവിധാനം, അഭിനയം തുടങ്ങിയ ഒട്ടുമിക്ക പ്രവർത്തനങ്ങളും ഒറ്റക്ക് ചെയ്ത് കൊണ്ട് സിനിമാലോകത്തേക്ക് കടന്നു വന്ന സന്തോഷ് പണ്ഡിറ്റ് ഒരു കാലത്ത് ഏവരുടെയും പരിഹാസപാത്രമായിരുന്നു. എന്നാൽ ഇപ്പാൾ പരിഹാസങ്ങൾക്കു പകരം അഭിനന്തനങ്ങളാണ് സന്തോഷ് പണ്ഡിറ്റിനെ തേടി എത്തുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ഗോവിന്ദപുരം അംബേദ്കർ കോളനി സന്ദർശിച്ച്‌ അവിടെയുള്ളവർക്ക് സഹായങ്ങൾ നൽകിയ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. ഇതേ തുടർന്ന് അനേകം ആളുകളും പ്രമുഖരുമെല്ലാം പണ്ഡിറ്റിനു പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് മലയാള സിനിമയുടെ പ്രിയ യുവനടൻ അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പണ്ഡിറ്റിന് പ്രശംസ അറിയിച്ചിരിക്കുന്നത്. പണ്ഡിറ്റിനോട് ഒരുപാട് ബഹുമാനം തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ ഈ പ്രവൃത്തി എല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്നും പറഞ്ഞതിനോപ്പം അംബേദ്കർ കോളനി സന്ദർശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അജു ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുതലമട പഞ്ചായത്തിലെ അംബേദ്കർ കോളനി നിവാസികളായ ചക്ലിയ സമുദായത്തിൽപ്പെട്ട നൂറ്റമ്പതോളം വരുന്ന കുടുംബങ്ങൾ കടുത്ത വിവേചനം നേരിടുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് പണ്ഡിറ്റ് സഹായവുമായി കോളനി നിവാസികളുടെ അരികിലെത്തിയത്. കോളനിയിലെത്തിയ പണ്ഡിറ്റ് വിദ്യാർത്ഥികൾക്കായി പഠന ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും ഫീസും നൽകി.
മമ്മുട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ നിന്നു ലഭിച്ചതിന്റ പാതി പ്രതിഫലവും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രത്തിലെ പ്രതിഫലവും ഉപയോഗിച്ചാണ് പണ്ഡിറ്റ് കോളനി നിവാസികളായ പാവപ്പെട്ടവരെ സഹായിച്ചിരിക്കുന്നത്. ഇതിനു മുൻപ് അട്ടപാടി മേഖലയിലെ കുടുംബങ്ങൾക്ക് നേരിട്ടെത്തി അരിയും അവശ്യസാധനങ്ങളും നൽകി പണ്ഡിറ്റ് ജനശ്രദ്ധ നേടിയിരുന്നു.