തമിഴിൽ നായികാ അരങ്ങേറ്റംകുറിച്ച് സായി പല്ലവി

അൽഫോൻസ് പുത്രൻ അണിയിച്ചൊരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലർമിസ് എന്ന കഥാപാത്രത്തിലെത്തി മലയാളികളുടെ, പ്രത്യേകിച്ച് യുവ ആരാധകരുടെ മനം കവർന്ന നായികയായിരുന്നു സായി പല്ലവി. പ്രേമത്തിനു ശേഷം ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിലും നായികയായി സായി പല്ലവി എത്തിയിരുന്നു.
മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള താരത്തിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം ഏതു ചിത്രത്തിലൂടെയാവും എന്ന് തീരുമാനമായിരുന്നില്ല. വിക്രം, വിജയ്, സൂര്യ എന്നിവരുടെ നായികയായി സായി പല്ലവി എത്തുന്നുവെന്നും വിക്രം നായകനായ സ്കെച്ച് എന്ന ചിത്രത്തിൽ നിന്നും കരാർ ചെയ്ത ശേഷം സായി പല്ലവി പിന്മാറിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എ എൽ വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രത്തിലൂടെ തമിഴിൽ നായികാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സായി പല്ലവി. കരു എന്നാൽ അർത്ഥം പിറക്കാത്ത കുഞ്ഞ് എന്നാണ്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഇതൊരു ഹൊറർ ചിത്രമാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന സായി പല്ലവി, പക്ഷി കൂടിന് സമാനമായി കൂടു പോലെ രൂപപ്പെട്ട വൃത്തം എന്നിവയാണ് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്.
നാഗ ശൗര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വ്യത്യസ്ഥമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ വലിയ ചർച്ചയായി തീർന്നിരിക്കുകയാണ്.