ഖത്തർ റിയാലിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക്

നെടുമ്പാശേരി: ഖത്തർ റിയാലിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ ഖത്തർ റിയാൽ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാൽ അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിലക്കെന്ന് ഡയറക്‌ടർ എ.സി.കെ. നായർ പറഞ്ഞു.

ഖത്തറിൽ നിന്നും ആഴ്ച്ചയിൽ കൊച്ചിയിലേക്ക് 18 സർവ്വീസുണ്ട്. ഖത്തർ എയർവേയ്സിന്റെ 11ഉം ജെറ്റ് എയർവേയ്സിന്റെ ഏഴും സർവ്വീസുകൾ. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഖത്തർ റിയാൽ സ്വീകരിക്കാതിരുന്നാൽ ഖത്തറിൽ നിന്നും നെടുമ്പാശേരിയിലെത്തുന്നവർ ബുദ്ധിമുട്ടിലാകും. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് പുറമെ ബാങ്കുകൾ ഖത്തർ റിയാൽ സ്വീകരിച്ചില്ലെങ്കിൽ റിയാൽ കൈവശമുള്ള മലയാളികൾ പ്രതിസന്ധിയിലാകും.

തീവ്രവാദികൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, യെമൻ, ഈജിപ്‌ത്, ബഹറിൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.