സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. തിങ്കളാഴ്ച മു​ത​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ സ​മ​ര​ത്തി​നി​റ​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 27 നു ​ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും സ​മ​രം. തൃ​ശൂ​രി​ൽ ന​ട​ന്ന യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ(​യു​എ​ൻ​എ) സം​സ്ഥാ​ന കൗ​ണ്‍​സി​ലാ​ണ് ഇക്കാര്യം അറിയിച്ചത്.

കേ​ര​ള​ത്തി​ലെ 158 ആ​ശു​പ​ത്രി​ക​ളി​ൽ സ​മ​ര നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് യു​എ​ൻ​എ അ​വ​കാ​ശ​പ്പെ​ട്ടു. ശേ​ഷി​ക്കു​ന്നി​ട​ത്ത് തിങ്കളാഴ്ച രാ​വി​ലെ കൈ​മാ​റും. സ​മ​രം തു​ട​ങ്ങു​ന്ന തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ൽ കി​ട​ത്തി​ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന രോ​ഗി​ക​ൾ​ക്കു പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും അ​തീ​വ ഗു​രു​ത​ര​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മി​നി​മം ന​ഴ്സു​മാ​രെ ഡ്യൂ​ട്ടി​ക്കു ന​ൽ​കും. എ​ന്നാ​ൽ ഒ​പി വ​ഴി പു​തി​യ​താ​യി കി​ട​ത്തി​ചി​കി​ത്സ​യ്ക്കു രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.