രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; സുഷമയ്ക്കു പിന്തുണയുമായി തൃണമൂൽ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് തൃണമൂൽ കോണ്‍ഗ്രസ്. തീരുമാനം തൃണമൂൽ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചു.
പൊതുസ്ഥാനാർഥിക്കായി പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തൃണമൂൽ ജെയ്റ്റ്ലിയെ പിന്തുണ അറിയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 23നു മുൻപായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വെങ്കയ്യ നായിഡു അറിയിച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനാർഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകളിൽ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.താൻ രാഷ്ട്രപതി സ്ഥാനാർഥിയാണെന്നു പ്രചരിക്കുന്ന വാർത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താൻ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം. രാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിച്ച് മാധ്യമങ്ങൾ സുഷമയെ സമീപിച്ചപ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.