ഓസോൺ എന്ന സംരക്ഷണ വലയം

വെളുത്തുള്ളിയുടെ മണമുള്ള, നീല നിറത്തിലുള്ള ഒരു വാതകമാണ് ഓസോൺ. ഇടിമിന്നലുണ്ടാകുമ്പോൾ വായുവിൽ ഓക്സിഗജനോടൊപ്പം ഇവ കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഉയർന്ന പ്രദേശങ്ങളിലും വളരെ വലിയ വൈധ്യുതോപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അവയുടെ സമീപത്തും ഓസോൺ വാതകം കാണപ്പെടുന്നു. ഓസോൺ, ശക്തിയേറിയ ഒരു ഓക്സീകാരിയാണ്. പ്ലാറ്റിനവും സ്വർണവും ഒഴികെ എല്ലാ ലോഹങ്ങളെയും ഓക്സീകരിക്കാൻ അതിനു കഴിയുന്നു. ഓസോൺ നല്ലൊരു ശുദ്ധീകരണവസ്തുവും, അണുനാശിനിയും, ദുർഗന്ധനാശ വസ്തുവും, വസ്ത്രങ്ങളെ വൃത്തിയാക്കുന്ന വസ്തുവുമാണ്. കുടിക്കുവാനുള്ള ജലത്തിലെയും നീന്തുവാനുള്ള ജലത്തിലെയും രോഗാണുക്കളെ നശിപ്പിക്കുന്നതിനാണ് ഓസോൺ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ആഹാരം സൂക്ഷിച്ചു വക്കുന്നതിനും, കടലാസ് വൃത്തിയാക്കുന്നതിനും, മരുന്നുകളും, സുഗന്ധ വസ്തുക്കളും ഉണ്ടാക്കുന്നതിനും ഓസോൺ ഉപയോഗിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 16 മുതൽ 48 വരെ കിലോമീറ്റർ മുകളിലായാണ് ഓസോൺ പാളി വ്യാപിച്ചിരിക്കുന്നത്. സൂര്യ പ്രകാശത്തിലുള്ള അപകടകരമായ അൾട്രവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തുന്നത് ഓസോൺ പാളിയാണ്. ഓസോൺ പാളിക്ക് കുറവ് സംഭവിക്കുകയോ എന്നെങ്കിലും നാഷനഷ്ട്ടങ്ങളുണ്ടാവുകയോ ചെയ്താൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് കടക്കുന്നു. അത് ഭൂമിയെ ചൂടാക്കുകയും, കാലാവസ്ഥക്ക് വ്യതിയാനം വരുത്തുകയും, പല മാരകമായ രോഗങ്ങൾ ഉണ്ടാക്കുകയും, സസ്യങ്ങളുടെ വളർച്ച വ്യത്യാസപ്പെടുത്തുകയും ചെയ്യും.

അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ മൂന്നു ഓക്സിജൻ അണുക്കൾ കൂട്ടായുള്ള ഒരു സംയുക്ത പടച്ചട്ടയായാണ് തടയുന്നത്. ഇങ്ങനെ മൂന്ന് ഓക്‌സിജൻ അണുക്കൾ കൂടി ഉള്ളതിനെയാണ് ഓസോൺ എന്ന് പറയുന്നത്. ഈയിടെ കൃത്രിമ ഉപഗ്രഹങ്ങളും മറ്റും വഴി നടത്തിയ പഠനത്തിൽ നിന്നും ഈ ഓസോൺ പാളിക്ക് കാര്യമായ വിള്ളലുകൾ ഉണ്ടായതായി കണ്ടെത്തി. റോക്കറ്റ് വിക്ഷേപണങ്ങളും, അന്തരീക്ഷ മലിനീകരണവും ആണ് ഇതിനു കാരണമെന്ന് കരുതുന്നു. അന്തരീക്ഷത്തിൽ എത്തുന്ന ക്ലോറോഫ്ലൂറോ കാർബൺ എന്ന വസ്തുവാണ് ഓസോൺ പാളിയെ തകർക്കുന്നത്. ഓസോണിലെ ഒരു ഓക്‌സിജൻ അണുവുമായി ക്ളോറിൻ കൂടിച്ചേർന്നു ക്ലോറിൻമോണോക്‌സൈഡ് ഉണ്ടാകും. മൂന്ന് ഓക്‌സിജൻ അണുക്കൾ ചേർന്ന് നിന്നാലേ ഭീകര രശ്മികളെ തടയാൻ ആവുകയുള്ളൂ. ഓസോൺ പാളികളുടെ സംരക്ഷണത്തിനും നിലനില്പിനുമായി ശാശ്ത്രജ്ഞർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളെ ലേസർ രശ്മികൾ ഉപയോഗിച്ചു നശിപ്പിക്കുക, അന്തരീക്ഷത്തിലേക്ക് ഓസോൺ വാതകം തൊടുത്തുവിടുക തുടങ്ങിയ മാർഗങ്ങളാണ് പരീക്ഷിക്കുന്നത്.