ഒരു വയസുള്ള പെണ്‍കുട്ടിക്കു കോട്ടയം മെഡിക്കല്‍ കോളേജിൽ നടത്തിയ ഓപ്പണ്‍ ബ്രെയിന്‍ സര്‍ജറി വിജയം

കോട്ടയം: ഹീമോഫീലിയ ബാധിച്ച ഒരു വയസുള്ള പെണ്‍കുട്ടിക്കു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ഓപ്പണ്‍ ബ്രെയിന്‍ സര്‍ജറി വിജയം. കേരളത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് ഓപ്പണ്‍ ബ്രെയിന്‍ സര്‍ജറി നടത്തി വിജയിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകള്‍ക്കാണു ശസ്ത്രക്രിയ നടത്തിയത്.

ജന്മനാ തന്നെ തല നേരേ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു. പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷമാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണനെ സമീപിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കാത്ത അസുഖമാണെന്നു കണ്ടെത്തി (ഹീമോഫീലിയ).

തുടര്‍ന്നു ജനുവരിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 27 ന് ഓപ്പണ്‍ ബ്രെയിന്‍ ശസ്ത്രക്രിയ നടത്തി. രോഗം പൂര്‍ണമായി മാറിയശേഷമാണു ശസ്ത്രക്രിയ വിജയമായ വിവരം അധികൃതര്‍ പുറത്തുവിട്ടത്. ശസ്ത്രക്രിയയ്ക്കു വിധേയമായ കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അടുത്ത ദിവസം ഇവര്‍ ആശുപത്രി വിടുമെന്നും ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു.