500 രൂപയുടെ നോട്ട്‌ ശ്രേണിയിൽ പുതിയ നോട്ട്‌

ന്യൂഡൽഹി: നോട്ട്‌ നിരോധനത്തിന്‌ ശേഷം നിരോധിച്ച 500 രൂപയുടെ നോട്ടിന്‌ പകരമിറക്കിയ 500 രൂപയുടെ നോട്ട്‌ ശ്രേണിയിൽ പുതിയ നോട്ട്‌ കൂടി റിസർവ്വ്‌ ബാങ്ക്‌ പുറത്തിറങ്ങി. നോട്ട്‌ നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ്‌ പുതിയ നോട്ടുകളെന്ന്‌ റിസർവ്വ്‌ ബാങ്ക്‌ അറിയിച്ചു.

500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയിൽ ഇരുനമ്പർ പാനലുകളിലും എ എന്ന ഇംഗ്ലീഷ്‌ അക്ഷരം അച്ചടിച്ചിട്ടുണ്ടാകും (പഴയതിൽ ഇ എന്ന അക്ഷരമാണ്‌ അച്ചടിച്ചിരിക്കുന്നത്‌). ഒപ്പം റിസർവ്വ്‌ ബാങ്ക്‌ ഗവർണർ ഊർജ്ജിത്‌ പട്ടേലിന്റെ കൈയൊപ്പും 2017 വർഷവും രേഖപ്പെടുത്തിയിട്ടുണ്ടാമെന്ന്‌ റിസർവ്വ്‌ ബാങ്കിന്റെ ഔദ്യോഗിക കുറിപ്പിൽ വിവരിക്കുന്നു. കഴിഞ്ഞ നവംബർ എട്ടിനാണ്‌ നോട്ട്‌ നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തിൽ വന്നത്‌. സ്വച്ഛ്‌ ഭാരത്‌ ചിഹ്നവും റെഡ്‌ ഫോർട്ടിന്റെ ചിത്രവുമാണ്‌ പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത. നിലവിൽ വിപണിയിലുള്ള നോട്ടുകൾ തുടരുമെന്നും ആർ ബി ഐ അറിയിച്ചിട്ടുണ്ട്‌