വിഷുവിനു വിഷരഹിത പച്ചക്കറി ലക്ഷ്യം : കോടിയേരി

കൊച്ചി: വര്‍ഷം മുഴുവന്‍ ആവശ്യക്കാര്‍ക്ക് വിഷരഹിത പച്ചക്കറി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്രമൈതാനിയില്‍ ആരംഭിച്ച വിഷുവിന് വിഷരഹിത പച്ചക്കറി വിപണനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പില്‍ പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് പ്രാമുഖ്യം നല്‍കും. കുടുംബശ്രീ, കര്‍ഷകസംഘടനകള്‍ എന്നിവയെ ഇതിനായി സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജലലഭ്യത കൂട്ടാനുള്ള പദ്ധതിയാണ്. ഇത് സാക്ഷരതാപ്രസ്ഥാനംപോലെ ജനകീയമുന്നേറ്റമാക്കും. സംസ്ഥാനത്ത് 800 കേന്ദ്രങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ വിഷു പച്ചക്കറിച്ചന്തകള്‍ തുടങ്ങി. എറണാകുളം ജില്ലയില്‍ മാത്രം 115 കേന്ദ്രങ്ങളുണ്ട്. ഇതിനായി 20,000 ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്. കേരളത്തില്‍ ആവശ്യമുള്ള പച്ചക്കറി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല.  പുറത്തുനിന്നു കൊണ്ടുവരുന്നവയിലാകട്ടെ വിഷാംശവുമുണ്ട്. ഇതേത്തുടര്‍ന്നാണ് ജൈവപച്ചക്കറി ഉല്‍പ്പാദനത്തിലേക്ക് പാര്‍ടി തിരിഞ്ഞത്. ലക്ഷ്യത്തിന്റെ ചെറിയ അംശം മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സ്വയംപര്യാപ്തതയ്ക്ക് കഠിനശ്രമം ആവശ്യമാണ്.

ആലപ്പുഴ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുക്കാല വിഷരഹിത പച്ചക്കറി വിപണനകേന്ദ്രം പട്ടണക്കാട് ആരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് വിപണനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വിനോദ് അധ്യക്ഷനായി. അഡ്വ. എന്‍ പി ഷിബു സ്വാഗതം പറഞ്ഞു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം ഷെരീഫ് ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍ സജിക്ക് പച്ചക്കറി നല്‍കി ആദ്യവില്‍പ്പന നടത്തി. വെട്ടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി പി മോഹനന്‍, ടി കെ മോഹനന്‍, കെ ആര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. കണിവെള്ളരിയടക്കം വിഷുവിനാവശ്യമായ എല്ലാത്തരം ജൈവപച്ചക്കറികളും വിപണന കേന്ദ്രത്തില്‍ മിതമായ വിലയ്ക്ക് ലഭ്യമാണ്. 

ജൈവപച്ചക്കറിച്ചന്തകളില്‍ നേന്ത്രക്കായമുതല്‍ പച്ചമുളകുവരെ  ചുരുങ്ങിയ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ തമിഴ്നാട്ടില്‍നിന്നുള്ള വെള്ളരിയാണ് ലഭിച്ചിരുന്നതെങ്കില്‍,  ജൈവകൃഷി വ്യാപിച്ചതോടെ, ശുദ്ധമായ മഞ്ഞവെള്ളരി ചുരുങ്ങിയ വിലയ്ക്ക് ജൈവപച്ചക്കറിച്ചന്തയില്‍ സുലഭമാണ്.  മികച്ച ഉല്‍പ്പന്നത്തിന് നല്ലവില ലഭിക്കുന്നതിനാല്‍ ഈ വര്‍ഷം കര്‍ഷകരുടെ വിഷുവും കെങ്കേമമാകും. 

ജൈവപച്ചക്കറിച്ചന്തകളില്‍ വരുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ജനത്തിരക്കേറെയാണ്. ഇതോടെ കൃഷിയിടത്തില്‍നിന്നെത്തിക്കുന്ന പച്ചക്കറി അപ്പപ്പോള്‍ തീര്‍ന്നുപോകുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിക്കടകളില്‍ കുറഞ്ഞ വിലയില്‍ സുലഭമായി സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. 
സഹകരണ സ്ഥാപനങ്ങള്‍വഴി കൃഷിയിറക്കിയ പച്ചക്കറിക്കുപിന്നാലെ, കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പിലൂടെയും മറ്റു   സംവിധാനങ്ങളിലൂടെയും ശുദ്ധമായ പച്ചക്കറി ജൈവചന്തകള്‍ വഴി ചെറിയ വിലയ്ക്ക് സുലഭമായി ലഭിച്ചു തുടങ്ങിയതോടെ, പൊതുമാര്‍ക്കറ്റിലും പച്ചക്കറിക്ക് വിലക്കുറവുണ്ട്. എന്നാല്‍, ജൈവപച്ചക്കറി കൃഷിയില്‍ കയ്പ  വിളവെടുപ്പ് കുറഞ്ഞതിനാല്‍, കയ്പക്കയ്ക്ക് പൊന്നുംവിലയാണ് മാര്‍ക്കറ്റില്‍. അതേസമയം, കണിവെള്ളരി 23, മാങ്ങ 22, വെണ്ട 42, പയര്‍ നാടന്‍48, ചക്ക 12 എന്നിങ്ങനെയാണ് സഹകരണച്ചന്തയിലെ പച്ചക്കറി കിലോ വില. ചീര ഒരുകെട്ട്, തേങ്ങ ഒന്ന് എന്നിവയ്ക്ക് പത്തു രൂപ വീതമാണ് വില. കണ്ണന്‍കായ 30, നേന്ത്രക്കായ 58, പടവലം 70, മാങ്ങ 30 എന്നിങ്ങനെയാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന്‍ കൌണ്‍സില്‍ കേരളയുടെ വില