കെ.എസ്.ആർ.ടി.സിയിൽ എം.പാനൽ ജീവനക്കാരെ പിരിച്ചു വിടുന്നതിന് നടപടി തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ എം.പാനൽ ജീവനക്കാരെ പിരിച്ചു വിടുന്നതിന് മാനേജ്മെന്റ് നടപടി തുടങ്ങി. നേരത്തേ, മെക്കാനിക്കൽ വിഭാഗത്തിലെ അഞ്ഞൂറോളം എം പാനലുകാരെ രണ്ട് ഘട്ടങ്ങളിലായി പിരിച്ചു വിട്ടിരുന്നു. ഇപ്പോൾ കണ്ടക്ടർ, ‌ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന എം പാനലുകാരിൽ പിരിച്ചു വിടേണ്ടവരുടെ പട്ടികയാണ് തയ്യാറാക്കിയത്. രണ്ടു വിഭാഗത്തിലുമായി 7,500 ജീവനക്കാരാണുള്ളത്. അതിൽ ആദ്യ ഘട്ടമായി രണ്ടായിരം പേരെ പിരിച്ചു വിടാനാണ് തീരുമാനം. മെക്കാനിക്കൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒച്ചപ്പാടുണ്ടാക്കിയ സാഹചര്യത്തിൽ അനുകൂല സാഹചര്യം നോക്കിയാവും തീരുമാനം നടപ്പിലാക്കുക. ജീവനക്കാരുടെ എണ്ണം കുറച്ച് ദേശീയ ശരാശരിയിലെത്തിച്ചാലേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ എന്ന സുശിൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി.

മെക്കാനിക്കൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി വിവാദമായപ്പോൾ അവരെ തിരിച്ചെടുക്കണമെന്ന് വകുപ്പ് മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കില്ലെന്ന് എം.ഡി രാജമാണിക്യം മന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ ബോഡി നിർമ്മാണ ജോലികളൊന്നും നടക്കാത്തതിനാൽ ഇത്രയധികം പേരെ ജോലി ചെയ്യിക്കാതെ ഉൾക്കൊള്ളാനാവില്ലെന്നാണ് എം.ഡി വിശദീകരിച്ചത്. ഭാവിയിൽ ബസുകൾ വാങ്ങുമ്പോൾ ഷാസി മാത്രമല്ലാതെ ബോഡി കൂടി നിർമ്മിച്ചു വാങ്ങാനാണ് പദ്ധതി.

അടുത്ത അഞ്ച് വർഷത്തേക്ക് പുതിയ നിയമനമൊന്നും നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇപ്പോൾ സർവീസ് നടത്തുന്ന ബസുകളുമായി കണക്കാക്കുമ്പോൾ ബസൊന്നിന് 8.5 ജീവനക്കാരാണുള്ളത്. അത് 5.5 ആക്കണമെന്നാണ് സുശിൽ ഖന്ന റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് അപ്പാടെ അംഗീകരിച്ചാൽ 15,510 ജീവനക്കാരെ ബാധിക്കും. അതുകൊണ്ട് രണ്ടു വർഷത്തിനുള്ളിൽ അനുപാതം ആറാക്കാനാണ് നീക്കം.

കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ 35,341 സ്ഥിരം ജീവനക്കാരും 8,549 താത്കാലിക ജീവനക്കാരും ഉൾപ്പെടെ ആകെ 43,890 പേരാണുള്ളത്. നിരത്തിലിറക്കുന്ന ബസുകൾ 5160. രണ്ടു വർഷത്തിനുള്ളിൽ അനുപാതം ആറാക്കിയാൽ 5160 ബസുകൾക്ക് 39,960 ജീവനക്കാർ മതിയാവും. 12,930 ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. അതിൽ 4,381 പേർ സ്ഥിരം ജീവനക്കാരാണ്. അവരെ പിരിച്ചു വിടാനാവില്ല. ഈ സാഹചര്യത്തിലാണ് 8549 താത്കാലിക ജീവനക്കാരുടെ ജോലി ത്രിശങ്കുവിലായത്.