കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തി

ന്യൂഡൽഹി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലെ വേദിയിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇരുവരെയും വേദിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ സ്ഥലം എംഎൽഎ പി.ടി.തോമസിനെ ഉൾപ്പെടുത്താൻ പിഎംഒ ഓഫീസ് തയാറായില്ല. ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതോടെ മുഖ്യമന്ത്രി ഇരുവരെയും ഉദ്ഘാടന വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു.

വേദിയിൽ ഉൾപ്പെടുത്താൻ 13 പേരുടെ പട്ടികയാണ് കെഎംആർഎൽ നൽകിയിരുന്നത്. എന്നാൽ ഏഴുപേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് നൽകിയത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയ്ൻ, കെ.വി. തോമസ് എംപി എന്നിവരുടെ പേരുകളാണ് പിഎംഒ അംഗീകരിച്ചിരുന്നത്.