ബാലതാരങ്ങൾക്ക് പ്രതിഫലം നൽകാത്ത നടപടി മര്യാദകേടാണെന്ന് സംവിധായകൻ കമൽ

തിരുവനന്തപുരം: കോലുമിഠായി എന്ന ചിത്രത്തിൽ അഭിനയിച്ച ബാലതാരങ്ങൾക്ക് പ്രതിഫലം നൽകാത്ത നടപടി മര്യാദകേടാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഇതേപരാതിയുമായി നേത്തെ ഇവർ തന്നെ സമീപിച്ചിരുന്നതാണ്. വിഷയം താരസംഘടനയായ അമ്മയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഗൗരവത്തോടെ ഇടപെടാൻ കഴിയുന്നില്ലെന്നും കമൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ബാലതാരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ അത് അവർ ചെയ്ത ജോലിയുടെ കൂലിയായി മാറുമോയെന്നതാണ് സാങ്കേതിക പ്രശ്‌നമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. കൂലിയെന്ന നിലയിലാണെങ്കിൽ ബാലവേലയുടെ പരിധിയിൽ വരുമോയെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്. ഏത് തൊഴിൽസേവന മേഖലയിലായാലും അർഹമായ പ്രതിഫലം നൽകുകയെന്നത് സാമാന്യമര്യാദയാണ്. എന്നാൽ, ഗൗരവ് മേനോൻ എന്ന ബാലതാരം പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് അഭിനയിച്ചതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചത്

വെള്ളിയാഴ്ചയാണ് കോലുമിഠായി എന്ന ചിത്രത്തിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി ബാലതാരം ഗൗരവ് മേനോൻ രംഗത്ത് എത്തിയത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ' കോലുമിഠായി'യുടെ സംവിധായകൻ അരുൺ വിശ്വത്തിനും നിർമ്മാതാവ് അഭിജിത്ത് അശോകനുമെതിരെയാണ് ഗൗരവ് ഗുരുതര ആരോപണം ഉന്നയിച്ചത്. ചിത്രീകരണസമയത്ത് പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും സാറ്റലൈറ്റ് അവകാശത്തിന്റെ വിൽപ്പനയ്ക്ക് ശേഷം പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ഗൗരവ് ആരോപിച്ചിരുന്നു.