അന്തരീക്ഷ ജലാംശത്തെ കുടിവെള്ളമാക്കി മാറ്റാവുന്ന സംവിധാനം കേരളത്തിൽ

കൊല്ലം: കുടിവെള്ള സ്രോതസ് അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട. മഴ കനിയുന്നതും കാക്കേണ്ട. അന്തരീക്ഷ ജലാംശത്തെ ( Humidity) ശുദ്ധമായ കുടിവെള്ളമാക്കി മാറ്റാവുന്ന സംവിധാനം ആദ്യമായി കേരളത്തിൽ എത്തുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 'വാട്ടർ മേക്കർ മെഷീൻ' അന്തരീക്ഷ ജലാംശം കൂടുതലുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതുമാണ്. പൂനയിലെ വാട്ടർ മേക്കർ ഇന്ത്യ എന്ന സ്ഥാപനമാണ് നിർമ്മാതാക്കൾ. 

തുറസ്സായ സ്ഥലത്ത് സ്ഥാപിക്കുന്ന മെഷീൻ അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്‌ത് വെള്ളത്തുള്ളികളാക്കി മാറ്റുന്നതാണ് പ്രവർത്തന രീതി. തുള്ളികൾ നിരവധി തവണ അരിയ്ക്കലിന് വിധേയമാക്കിയ ശേഷം പരിശുദ്ധമായ കുടിവെള്ളമായി മാറും. ബാക്‌ടീരിയ, വൈറസുകൾ, രാസപദാർത്ഥങ്ങൾ തുടങ്ങി യാതൊരു മാലിന്യവും ഇല്ലാത്ത തികച്ചും സ്ഫടികസമാനമായ കുടിവെള്ളം ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 120 മുതൽ 5,000 ലിറ്റർ വരെ വെള്ളം ലഭിക്കുന്ന മെഷീനുകളുണ്ട്. 120 ലിറ്റർ മെഷീന് രണ്ട് ലക്ഷം രൂപയും 5,000 ലിറ്റർ മെഷീന് 40 ലക്ഷം രൂപയും ചെലവാകും. 250, 500, 1000, 2500 ലിറ്റർ അളവിലെ വാട്ടർ മേക്കറും ലഭ്യമാണ്.